
ബുർഖയും നിഖാബും നിരോധിച്ച് ഇറ്റലി
getty images
മുസ് ലിം സ്ത്രീകൾ ധരിക്കുന്ന ബുർഖയും നിഖാബും നിരോധിക്കാൻ ബിൽ പാസാക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. പൊതു സ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന ഇസ്ലാമിക വസ്ത്രങ്ങൾ നിരോധിക്കുന്ന ഒരു ബിൽ അവതരിപ്പിച്ചിരിക്കുകയാണ് മെലോണിയുടെ സർക്കാർ.
ബുർഖ ഒരു സ്ത്രീയുടെ തല മുതൽ കാൽ വരെ മറയ്ക്കുന്നു. കൂടാതെ കണ്ണുകൾക്കു മുകളിൽ ഒരു മൂടുപടമാണ്. പക്ഷേ, കണ്ണുകൾക്ക് ചുറ്റുമുള്ള ഭാഗം വ്യക്തമായി വിട്ടിരിക്കുന്നു. ഇനി ഇറ്റലിയിൽ ഇത്തരം ഇസ്ലാമിക വസ്ത്രങ്ങളൊന്നും ധരിക്കാൻ അനുവദിക്കില്ലെന്നാണ് ജോർജിയ മെലോണിയുടെ നിലപാട്. ഇറ്റലിയുടെ ഭരണകക്ഷിയായ ബ്രദേഴ്സ് ഒഫ് ഇറ്റലി പാർട്ടി ഒക്റ്റോബർ 8 ന് രാജ്യമെമ്പാടും ഉള്ള പൊതു ഇടങ്ങളിൽ ബുർഖയും നിഖാബും മുഖവും ശരീരവും മൂടുന്ന വസ്ത്രങ്ങൾ നിരോധിക്കുന്നതിനുള്ള ഒരു ബിൽ അവതരിപ്പിച്ചു.
മെലോണിയുടെ പാർട്ടിയിലെ മൂന്നു നിയമനിർമാതാക്കൾ ചേർന്നാണ് ഈ ബിൽ അവതരിപ്പിച്ചത്. ഇത് രാജ്യവ്യാപകമായി എല്ലാ പൊതു സ്ഥലങ്ങളിലും സ്കൂളുകൾ, സർവകലാശാലകൾ, കടകൾ തുടങ്ങി എല്ലായിടങ്ങളിലും മുഖം മൂടുന്ന വസ്ത്രങ്ങൾ നിരോധിച്ചിരിക്കുന്നതായി അറിയിപ്പു നൽകിയിരിക്കുകയാണ് ഇപ്പോൾ മെലോണിയും കൂട്ടരും.
അനിയന്ത്രിതമാം വിധം ഇസ്ലാമിക മതമൗലിക വാദം വ്യാപിച്ചതാണ് ഇങ്ങനെയൊരു തീരുമാനത്തിലേയ്ക്ക് തങ്ങളെ എത്തിച്ചതെന്ന് ഇറ്റാലിയൻ ഭരണകൂടം പറയുന്നു. നിയമ ലംഘകർക്ക് 300 യൂറോ മുതൽ 3000 യൂറോ വരെ പിഴ ചുമത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്. മുസ്ലിം പെൺകുട്ടികളിൽ കന്യകാത്വ പരിശോധന നടത്തുന്നതിനെതിരെയുള്ള ശിക്ഷകളും വധുവിന്‍റെ സമ്മതമില്ലാത്ത നിർബന്ധിത വിവാഹത്തിനെതിരെ ശക്തമായ ശിക്ഷാ നിയമങ്ങളും ഈ ബില്ലിലുണ്ട്.
എന്നാൽ പൊതു സ്ഥലത്ത് ബുർഖ ധരിക്കുന്നത് നിരോധിക്കുന്ന ആദ്യ രാജ്യം ഇറ്റലിയല്ല. 2011ൽ ഫ്രാൻസാണ് പൊതു സ്ഥലത്ത് ബുർഖ നിരോധിച്ച ആദ്യ യൂറോപ്യൻ രാജ്യം. പിന്നീട് ലോകമെമ്പാടുമുള്ള 20 ഓളം രാജ്യങ്ങൾ ബുർഖ പൊതു സ്ഥലങ്ങളിൽ നിരോധിച്ചു. ഇതിൽ തുർക്കിയും ഉൾപ്പെടുന്നു. ബെൽജിയം, ഡെന്മാർക്ക്, സ്വിറ്റ്സർലണ്ട്, ഓസ്ട്രിയ, ടുണീഷ്യ, ശ്രീലങ്ക തുടങ്ങിയവയാണ് മറ്റുള്ള ബുർഖ നിരോധിത രാജ്യങ്ങൾ.