സ്റ്റാർഷിപ്പ് റോക്കറ്റിന്‍റെ ബൂസ്റ്റർ വീണ്ടെടുക്കൽ ദൗത്യം ഉപേക്ഷിച്ച് സ്പേസ് എക്സ്

സാങ്കേതിക തകരാർ കണ്ടെത്തിയതിനു പിന്നാലെയാണ് ഈ നടപടി
 This action was taken after a technical fault was discovered.

സ്റ്റാർഷിപ്പ് റോക്കറ്റിന്‍റെ ബൂസ്റ്റർ വീണ്ടെടുക്കൽ ദൗത്യം ഉപേക്ഷിച്ച് സ്പേസ് എക്സ്

Updated on: 

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ റോക്കറ്റായ സ്റ്റാർഷിപ്പിന്‍റെ നിർണായക പരീക്ഷണ വിക്ഷേപണത്തിനിടെ ബൂസ്റ്റര്‍ വീണ്ടെടുക്കാനുള്ള നീക്കം ഉപേക്ഷിച്ച് സ്പേസ് എക്സ്. വെള്ളിയാഴ്ച നടന്ന വിക്ഷേപണത്തിന് പിന്നാലെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇതോടെ റോക്കറ്റിന്‍റെ സൂപ്പർ ഹെവി എന്ന് അറിയപ്പെടുന്ന ബൂസ്റ്റർ മെക്സിക്കോ ഉൾക്കടലിലേയ്ക്ക് പതിച്ചു.

ബൂസ്റ്ററിനെ വിക്ഷേപണത്തറയിലേയ്ക്ക് തിരിച്ചെത്തിച്ച് പ്രത്യേക സംവിധാനത്തിന്‍റെ സഹായത്തോടെ പിടിച്ചെടുക്കാനായിരുന്നു സ്‌പേസ് എക്‌സിന്‍റെ പദ്ധതി. റോക്കറ്റിന്‍റെ പുനരുപയോഗം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ പരീക്ഷണം നടത്തിയത്. എന്നാല്‍ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതോടെ ബൂസ്റ്റര്‍ വീണ്ടെടുക്കാനുള്ള ശ്രമം സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായി ഒഴിവാക്കുകയായിരുന്നു.

ബൂസ്റ്റര്‍ മാത്രമല്ല, സ്റ്റാര്‍ഷിപ്പ് പേടകത്തെയും ആദ്യമായി വിജയകരമായി പിടിച്ചെടുക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഇതിലൂടെ റോക്കറ്റിന്‍റെ രണ്ട് പ്രധാന ഭാഗങ്ങളും സുരക്ഷിതമായി തിരിച്ചെത്തിച്ച് വീണ്ടും ഉപയോഗിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് സ്‌പേസ് എക്‌സ് ശ്രമിക്കുന്നത്. ബഹിരാകാശ വിക്ഷേപണങ്ങളുടെ ചെലവ് കുറയ്ക്കുന്നതില്‍ ഈ സാങ്കേതികവിദ്യ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

പരീക്ഷണത്തിന്‍റെ ഭാഗമായി എല്ലാ സാഹചര്യങ്ങളും അനുകൂലമാണെങ്കില്‍ മാത്രമേ ബൂസ്റ്റര്‍ വീണ്ടെടുക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകൂവെന്ന് സ്‌പേസ് എക്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു. സാങ്കേതിക പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതോടെ നിശ്ചയിച്ചിരുന്ന പദ്ധതി മാറ്റുകയായിരുന്നു. സുരക്ഷയ്ക്കാണ് കമ്പനി മുന്‍ഗണന നല്‍കിയത്.

ഇലോണ്‍ മസ്‌കിന്‍റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിലൂടെ ബഹിരാകാശ യാത്രാരംഗത്ത് വലിയ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. ചന്ദ്രനിലേക്കും ഭാവിയില്‍ ചൊവ്വയിലേക്കുമുള്ള മനുഷ്യദൗത്യങ്ങള്‍ക്ക് സ്റ്റാര്‍ഷിപ്പ് ഉപയോഗിക്കാനാണ് പദ്ധതി. ബൂസ്റ്റര്‍ വീണ്ടെടുക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കാനായില്ലെങ്കിലും റോക്കറ്റിന്‍റെ പുനരുപയോഗ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഈ പരീക്ഷണം നിര്‍ണായക ഘട്ടമായി തുടരുന്നു.