

റോം ഉച്ചകോടി അനിശ്ചിതത്വത്തിൽ, തിരിച്ചടിച്ച് ഇസ്രയേൽ
ബെയ്റൂട്ട് : ദക്ഷിണ ലെബനനിലെ മജ്ദൽ സൂൺ പട്ടണത്തിലെ ഒരു കെട്ടിടത്തിനുള്ളിൽ വെടിമരുന്നു ശേഖരവും സ്ഫോടകവസ്തുക്കളും പൊട്ടിത്തെറിച്ച് രണ്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെടുകയും നാലു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ഇസ്രേയൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. മേഖലയിലെ ഹിസ്ബുള്ളയുടെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിനുള്ള പരിശോധനാ നടപടികൾക്കിടെയാണ് അപകടമുണ്ടായത്.
സ്ഫോടക വസ്തു എപ്പോഴാണ് സ്ഥാപിച്ചതെന്നും അത് എങ്ങനെയാണ് വീണ്ടും പ്രവർത്തിപ്പിച്ചതെന്നും കണ്ടെത്തുന്നതിനായി അന്വേഷണം നടക്കുകയാണെന്ന് ഐഡിഎഫ് വ്യക്തമാക്കി. ഈ സംഭവത്തെ വെടിനിർത്തൽ കരാറിന്‍റെ നഗ്നമായ ലംഘനം എന്നാണ് ഇസ്രേയൽ സൈനിക വക്താവ് വിശേഷിപ്പിച്ചത്.
ദക്ഷിണ ലെബനനിൽ സ്ഫോടനത്തിൽ രണ്ട് ഇസ്രേയൽ സൈനികർ കൊല്ലപ്പെട്ടു
ഇതിനെത്തുടർന്ന് ദക്ഷിണ ലെബനനിലെ വിവിധ മേഖലകളിൽ ഇസ്രയേൽ ശക്തമായ വ്യോമാക്രമണെം നടത്തി. ഈ സംഘർഷാവസ്ഥ കാരണം ഇറ്റലിയിലെ റോമിൽ അമെരിക്കയുടെ മധ്യസ്ഥതയിൽ നടന്നിരുന്ന ഇസ്രേയൽ-ലെബനൻ പ്രതിനിധികളുടെ ചർച്ചകൾ അന്നത്തേയ്ക്കു നിർത്തി വയ്ക്കാൻ ഇരു വിഭാഗങ്ങളും നിർബന്ധിതരായി.