ന്യൂയോർക്കിൽ സിനഗോഗിൽ ആക്രമണം നടത്തിയ പ്രതിക്കെതിരേ ഫെഡറൽ വിദ്വേഷ കുറ്റകൃത്യക്കേസ്

അക്രമാസക്തവും വിദ്വേഷ പ്രേരിതവുമായ ആക്രമണമെന്നാണ് അധികൃതര്‍ സംഭവത്തെ വിശേഷിപ്പിച്ചത്.
Authorities say it was a violent, hate-motivated attack

അക്രമാസക്തവും വിദ്വേഷ പ്രേരിതവുമായ ആക്രമണമെന്നാണ് അധികൃതര്‍ സംഭവത്തെ വിശേഷിപ്പിച്ചത്.

Updated on

ന്യൂയോർക്ക്: ന്യൂയോർക്കിൽ സിനഗോഗിൽ ആക്രമണം നടത്തിയ പ്രതിക്കെതിരേ വിദ്വേഷക്കുറ്റകൃത്യക്കേസ്. ന്യൂയോര്‍ക്ക് നഗരത്തിലെ സിനഗോഗില്‍ വെള്ളിയാഴ്ച വൈകുന്നേരത്തെ പ്രാര്‍ഥനാ ചടങ്ങിനിടെ ആക്രമണം നടത്തിയെന്നാരോപിക്കുന്ന 46കാരനായ ലാറി മോണ്ടെസിനെതിരെ ഫെഡറല്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ ചുമത്തി. അക്രമാസക്തവും വിദ്വേഷ പ്രേരിതവുമായ ആക്രമണമെന്നാണ് അധികൃതര്‍ സംഭവത്തെ വിശേഷിപ്പിച്ചത്. മാന്‍ഹട്ടനിലെ സെന്‍ട്രല്‍ സിനഗോഗില്‍ നടന്ന സംഭവത്തെ തുടര്‍ന്ന് വെള്ളിയാഴ്ച മോണ്ടെസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രാര്‍ഥനാ ചടങ്ങിനിടെ മോണ്ടെസ് എഴുന്നേറ്റ് മുന്നിലേക്ക് പോയി ”ഞാനാണ് ഹാഷെം” എന്ന് വിളിച്ചുപറഞ്ഞതായി പൊലീസ് പറയുന്നു. യഹൂദ മതത്തില്‍ ദൈവത്തെ സൂചിപ്പിക്കുന്ന പദമാണ് ഹാഷെം. തുടര്‍ന്ന് രണ്ട് മെഴുകുതിരികളും അവയുടെ സ്റ്റാന്‍ഡുകളും തള്ളിയിട്ടതായും അവ തകര്‍ന്നതായും പൊലീസ് ആരോപിച്ചു. സിനഗോഗില്‍ നിന്ന് സുരക്ഷാ ജീവനക്കാര്‍ പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ചടങ്ങില്‍ പങ്കെടുത്ത 63കാരിയായ സ്ത്രീയെ മോണ്ടെസ് ആക്രമിച്ചതായും ഇതില്‍ അവരുടെ ചുണ്ടിന് മുറിവേല്‍ക്കുകയും കൈക്ക് ചതവുണ്ടാകുകയും ചെയ്തതായും അധികൃതര്‍ പറഞ്ഞു.

സുരക്ഷാ ജീവനക്കാരനായ ഒരാളെ തലയിടിച്ച് ആക്രമിക്കുകയും വംശീയ അധിക്ഷേപം നടത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. അറസ്റ്റിന് പിന്നാലെ മിറാന്‍ഡ അവകാശങ്ങള്‍ അറിയിച്ച ശേഷം NYPD ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍, ചടങ്ങില്‍ തനിക്ക് അനാദരവ് തോന്നിയെന്നു പറഞ്ഞതായി ഫെഡറല്‍ പരാതിയില്‍ വ്യക്തമാക്കുന്നു.

സിനഗോഗില്‍ നടത്തിയ ആക്രമണം അതീവ ആശങ്കാജനകമാണെന്ന് എഫ്ബിഐ ന്യൂയോര്‍ക്ക് ഫീല്‍ഡ് ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ജെയിംസ് ബാര്‍ണക്കി ജൂനിയര്‍ പറഞ്ഞു. വിദ്വേഷമോ പക്ഷപാതമോ പ്രേരണയായുള്ള ആക്രമണങ്ങള്‍ക്ക് ന്യൂയോര്‍ക്കില്‍ സ്ഥാനമില്ലെന്നും എല്ലാ സമൂഹങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ എഫ്ബിഐ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com