

പതിനൊന്നു ചൈനക്കാർക്കെതിരേ വ്യാജവിവാഹക്കേസിൽ
ക്രിമിനൽ കുറ്റം ചുമത്തി യുഎസ്
അമെരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹത്തട്ടിപ്പ് കേസുകളിൽ ഒന്നാണെന്ന് യുഎസ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ
വാഷിങ്ടൺ: ചൈനീസ് പൗരന്മാർക്ക് അമെരിക്കയിൽ ഗ്രീൻകാർഡ് നേടാൻ സഹായിക്കുന്നതിനായി വ്യാജവിവാഹ പദ്ധതി നടത്തിയെന്ന് ആരോപിച്ച് 11 പേർക്കെതിരേ യുഎസ് നീതിന്യായ വകുപ്പ് ക്രിമിനൽ കുറ്റം ചുമത്തി. 2016-2026 കാലഘട്ടത്തിൽ ആയിരത്തിലധികം ചൈനീസ് പൗരന്മാരും അമെരിക്കൻ പൗരന്മാരും തമ്മിൽ വ്യാജ വിവാഹങ്ങൾ നടത്തിയതായാണ് കേസിലെ ആരോപണം.
ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിൽ സമർപ്പിച്ച 21 പേജുള്ള കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ആമി ചെങ്, ഷിയാവോ മെയ് ചാൻ, ഗാങ് ഷെങ് എന്നിവർ ചേർന്നാണ് വർഷങ്ങളോളം ഈ പദ്ധതി നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിനെ അമെരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹത്തട്ടിപ്പ് കേസുകളിൽ ഒന്നാണെന്ന് യുഎസ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ വിശേഷിപ്പിച്ചു.
വേണോ യുഎസിലൊരു ഗ്രീൻകാർഡ്‍? എങ്കിൽ പിന്നെ ഒരു വ്യാജ വിവാഹമാകാം!
നിയമപരമായി അമെരിക്കൻ പൗരത്വം നേടാൻ കഴിയാത്തവരെയോ അതിന് അർഹതയില്ലാത്തവരെയോ സഹായിക്കുന്നതിനായി വർഷങ്ങളോളം പ്രവർത്തിച്ച സംഘമായിരുന്നു ഇതെന്നും ബ്ലാഞ്ചെ പറഞ്ഞു. വ്യാജവിവാഹങ്ങളിലൂടെ ചൈനീസ് പൗരന്മാർക്ക് അമെരിക്കയിൽ നിയമപ്രകാരമുള്ള സ്ഥിരതാമസ പദവി നേടാൻ സഹായിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് ആരോപണം.
സോഷ്യൽ മീഡിയ, വിവിധ പരസ്യ മാർഗങ്ങൾ എന്നിവയുപയോഗിച്ച് വിദേശ പൗരന്മാർക്ക് വ്യാജ കുടിയേറ്റ സേവനങ്ങൾ വാഗ്ദാനം ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. വ്യാജവിവാഹം സംഘടിപ്പിച്ച് ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള സഹായത്തിന് വിദേശ പൗരന്മാരിൽ നിന്ന് ഏകദേശം ഒരു ലക്ഷം ഡോളർ വരെ ഈടാക്കിയെന്നും ഇടനിലക്കാർക്ക് ഓരോ ഇടപാടിലും ഏകദേശം 5000 ഡോളർ കമ്മീഷൻ ലഭിച്ചിരുന്നെന്നും അന്വേഷണോദ്യോഗസ്ഥർ ആരോപിക്കുന്നു.
യുഎസ് കുടിയേറ്റ അധികൃതർക്ക് സമർപ്പിക്കുന്നതിനായി വ്യാജ വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങളും പ്രതികൾതയാറാക്കിയിരുന്നെന്ന് കുറ്റപത്രത്തിൽ പറയുന്നു. ചില വിവാഹച്ചടങ്ങുകൾസമീപത്തെ റെസ്റ്റോറന്‍റുകളിൽ സംഘടിപ്പിച്ചെന്നും ചൈനീസ് വിവാഹ വസ്ത്രം ധരിച്ച് ചൈനീസ് പൗരന്മാരും അമെരിക്കൻ വിവാഹ വസ്ത്രം ധരിച്ച് അമെരിക്കൻ പൗരന്മാരും ചടങ്ങിൽ പങ്കെടുക്കുകയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിച്ച് യഥാര്‍ഥ വിവാഹമെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട റിക്രൂട്ടര്‍മാരില്‍ പലരും ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും അമേരിക്കയിലുടനീളവും വിദേശത്തും വിവാഹങ്ങള്‍ സംഘടിപ്പിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. കണക്റ്റിക്കട്ട്, മസാച്യുസെറ്റ്‌സ്, പെന്‍സില്‍വാനിയ, കെന്‍റക്കി, ടെന്നസി, ജോര്‍ജിയ, ഫ്ളോറിഡ എന്നിവിടങ്ങളിലും ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ഇത്തരം വിവാഹങ്ങള്‍ നടന്നതായാണ് ആരോപണം. കേസിലെ പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കപ്പെടേണ്ടതുണ്ട്.