വസ്ത്ര നിർമാണ മേഖലയ്ക്ക് ഉണർവായി ഇന്ത്യ-യുഎസ് വ്യാപാര കരാർ

താരിഫ് 25 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ചതോടെ പരവതാനി കയറ്റുമതിയിലും വര്‍ധനവുണ്ടാകും
 India-US trade deal boosts garment sector

വസ്ത്ര നിർമാണ മേഖലയ്ക്ക് ഉണർവായി ഇന്ത്യ-യുഎസ് വ്യാപാര കരാർ

file photo

Updated on

ന്യൂഡൽഹി: ഇന്ത്യയും അമെരിക്കയും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച് ആദ്യ സൂചനകൾ പുറത്തു വരുമ്പോൾ കയറ്റുമതി മേഖലയിൽ ആഹ്ലാദവും പ്രതീക്ഷയും വളരുന്നു. ഇന്ത്യയിൽ നിന്നുള്ള ക‍യറ്റുമതിയിൽ തുണിത്തരങ്ങളുടെ അളവ് ഏറെയാണ്. നിലവിൽ ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 18 ശതമാനമായി താരിഫ് കുറയ്ക്കുമെന്ന പ്രഖ്യാപനമാണ് ട്രംപ് നടത്തിയിരിക്കുന്നത്.

അമെരിക്കയിലേയ്ക്ക് വസ്ത്ര ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും യുഎസുമായുള്ള വ്യാപാര കരാർ 20 ശതമാനം താരിഫുള്ളതാണ്. അതു വച്ചു നോക്കുമ്പോൾ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ അമെരിക്ക രണ്ടു ശതമാനം താരിഫ് കുറച്ചാണ് ഈടാക്കുന്നത്. ഇത് ഇന്ത്യൻ ഗാർമെന്‍റ്സ് കയറ്റുമതിക്കാർക്ക് അനുകൂല ഘടകമാണ്.

വരുന്ന സീസണിലേയ്ക്കുള്ള വസ്ത്രങ്ങൾ, തുകൽ, പാദരക്ഷ തുടങ്ങിയവയെ കുറിച്ച് അവയുടെ ഇന്ത്യൻ നിർമാതാക്കൾ തങ്ങളുടെ അമെരിക്കൻ ഓർഡറുകളെ സംബന്ധിച്ച് കടുത്ത ആശങ്കയിലായിരുന്നു. രാജ്യത്തു നിന്നുള്ള ചെറുകിട കയറ്റുമതിക്കർ കുറച്ചു മാസങ്ങളായി കയറ്റുമതി നിർത്തി വച്ചിരിക്കുകയായിരുന്നു. വൻ കമ്പനികൾ നേരത്തെ ഉറപ്പിച്ച കരാർ ഉണ്ടായിരുന്നതിനാൽ നഷ്ടം സഹിച്ചും കരാർ തുടരേണ്ട സാഹചര്യം ഉണ്ടായിരുന്നു.

എന്നാൽ വ്യാപാര കരാർ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ഉൽപന്നങ്ങൾ അമെരിക്കൻ വിപണിയിൽ കൂടുതൽ ശക്തമാക്കാൻ ഇത് വഴി തെളിക്കും. ഇന്ത്യയില്‍ നിന്നും പരവതാനി ഇറക്കുമതി കുറഞ്ഞതിനെ തുടര്‍ന്ന് തുര്‍ക്കിയില്‍ നിന്നായിരുന്നു അമേരിക്കയിലേക്ക് കൂടുതല്‍ പരവതാനികള്‍ കയറ്റുമതി ചെയ്തിരുന്നത്. എന്നാല്‍ താരിഫ് 25 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ചതോടെ പരവതാനി കയറ്റുമതിയിലും വര്‍ധനവുണ്ടാകും.

അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ചെമ്മീന്‍ കൂടുതല്‍ എത്തിച്ചേരും. നിരവധി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 34 ശതമാനം നികുതിയാണ് ചുമത്തുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ഉൽപന്നങ്ങൾ അമേരിക്കന്‍ വിപണിയില്‍ കൂടുതല്‍ ഇടംപിടിക്കും. ഓട്ടോ പാര്‍ട്സുകളിലും ലോഹങ്ങളിലും ഉള്ളതുപോലുള്ള ഉൽപന്നങ്ങള്‍ക്കുള്ള പഴയ താരിഫുകള്‍ നിലനില്‍ക്കുമെന്നാണ് സൂചനകള്‍.

ഇന്ത്യ യൂറോപ്യന്‍ യൂണിയനുമായി വ്യാപാര കരാര്‍ ഒപ്പുവെച്ചതിനു പിന്നാലെ അമേരിക്കയുമായി കരാര്‍ ആയതോടെ ഇന്ത്യന്‍ വ്യാപാര മേഖല കൂടുതല്‍ വിപുലപ്പെടും .കരാര്‍ ശക്തമായ വ്യാപാര ബന്ധങ്ങള്‍ക്കും പരസ്പര വളര്‍ച്ചയ്ക്കും വഴിയൊരുക്കുന്നതായും ഇരു രാജ്യങ്ങള്‍ക്കും അവരുടെ ജനങ്ങള്‍ക്കും വളരെയധികം പ്രയോജനം ചെയ്യുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സില്‍ പോസ്റ്റ് ചെയ്തു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബിസിനസ് കൂടുതല്‍ അഭിവൃദ്ധി പ്രാപിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഈ കരാര്‍ ‘രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങള്‍ അവരുടെ ജനങ്ങളുടെ അഭിവൃദ്ധിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്‍റെ ശക്തി വെളിപ്പെടുത്തുന്നുവെന്നു വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com