

ഹോർമൂസിൽ വീണ്ടും സംഘർഷം
വാഷിങ്ടൺ: പശ്ചിമേഷ്യയിലെ പ്രധാന കപ്പൽ ഗതാഗത പാതയായ ഹോർമൂസ് കടലിടുക്കിൽ അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് ഭീഷണിയുയർത്തിയ ഇറാന്‍റെ രണ്ടു ഡ്രോണുകൾ കൂടി അമെരിക്കൻ സൈന്യം വെടി വച്ചിട്ടു. യുഎസ് സെൻട്രൽ കമാൻഡ് ശനിയാഴ്ച തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്.
അന്താരാഷ്ട്ര സമുദ്ര സുരക്ഷയ്ക്ക് വെല്ലുവിളിയുയർത്തി കടന്നു പോയ ഇറാന്‍റെ അത്യാധുനിക ആക്രമണ ഡ്രോണുകളാണ് പശ്ചിമേഷ്യയിലെ യുഎസ് സേന വിജയകരമായി തകർത്തത്. മേഖലയിൽ ഇറാന്‍റെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം ആവർത്തിച്ചുള്ള പ്രകോപനങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരേ ശക്തമായ പ്രതിരോധം തുടരാൻ തങ്ങൾ സദാ സന്നദ്ധരാണെന്ന് അമെരിക്കൻ സൈന്യം വ്യക്തമാക്കി.
മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവിഭാഗവും തമ്മിലുള്ള സൈനിക അസ്വാരസ്യങ്ങൾ പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയും സമാനമായ രീതിയിൽ ഭീഷണിയുയർത്തിയ ഇറാന്‍റെ നാലു പ്രധാന ഡ്രോണുകൾ അമെരിക്കൻ സൈന്യം വെടി വച്ചിട്ടിരുന്നു.
ഇതിനു തൊട്ടു പിന്നാലെയാണ് വീണ്ടും രണ്ട് ഡ്രോണുകൾ കൂടി തകർത്തതായി അമെരിക്ക സ്ഥിരീകരിച്ചത്. ഇതോടെ ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും സുരക്ഷയും ഏറെ സങ്കീർണമായി.