
ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസർ
ഇസ്‌ലാമബാദ്: പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് (ജെഎം) പുതുതായി രൂപീകരിച്ച വനിതാ വിഭാഗമായ ജമാത്ത് ഉല്‍ മുമിനാത്തിനായി റിക്രൂട്ട്മെന്‍റ് നടത്താനും ഫണ്ട് സ്വരൂപിക്കുന്നതിനുമായി 'തുഫത് അല്‍ മുമിനത്ത്' എന്ന ഓണ്‍ലൈന്‍ കോഴ്സ് ആരംഭിച്ചു. മതപരവും ജിഹാദ് അധിഷ്ഠിതവുമായ പാഠങ്ങളിലൂടെ സ്ത്രീകളെ ജെയ്ഷെ മുഹമ്മദിന്‍റെ വനിതാ ബ്രിഗേഡിലേക്ക് ആകര്‍ഷിച്ചതിനു ശേഷം റിക്രൂട്ട് ചെയ്യുക എന്നതാണ് ഓണ്‍ലൈന്‍ കോഴ്സിന്‍റെ ലക്ഷ്യം.
നവംബര്‍ 8ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൈനംദിന സെഷനുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്‍റെ സഹോദരിമാരായ സാദിയ അസ്ഹറും സമൈറ അസ്ഹറും നയിക്കും. പങ്കെടുക്കുന്ന ഓരോ വ്യക്തിയും 500 പാക്കിസ്ഥാന്‍ രൂപ സംഭാവനയായി നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
മസൂദ് അസറിന്‍റെയും മറ്റ് കമാന്‍ഡര്‍മാരുടെയും ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള ജെയ്ഷെ മുഹമ്മദ് നേതാക്കളുടെ കുടുംബാംഗങ്ങള്‍, ജിഹാദിന്‍റെയും ഇസ്ലാമിന്‍റെയും വീക്ഷണകോണില്‍ നിന്ന് ക്ലാസില്‍ പങ്കെടുക്കുന്നവരെ അവരുടെ കടമകളെക്കുറിച്ച് പഠിപ്പിക്കും.
ഒക്‌റ്റോബര്‍ 8നാണ് ബഹാവല്‍പൂരിലെ മര്‍കസ് ഉസ്മാന്‍-ഒ-അലിയില്‍ വച്ച് മസൂദ് അസ്ഹര്‍ വനിതാ വിഭാഗമായ ജമാഅത്ത് ഉല്‍-മുമിനാത്തിന്‍റെ രൂപീകരണം പ്രഖ്യാപിച്ചത്. 19ന് പാക് അധീന കശ്മീരിലെ റാവല്‍കോട്ടില്‍ ദുഖ്തരന്‍-ഇ-ഇസ്ലാം എന്ന പേരില്‍ പുതിയ യൂണിറ്റിനായി സ്ത്രീകളെ അണിനിരത്തുന്നതിനായി ഒരു പരിപാടിയും നടത്തി.