ജപ്പാനിലെ മഹാദുരന്ത പ്രവചനം പാളി, പക്ഷേ...

പൂർണമായി ആശ്വസിക്കാൻ സമയമായിട്ടില്ലെന്നാണ് ഗവേഷകർ പറയുന്നത്. നൻകായ് ട്രവ് മെഗാക്വേക്ക് എന്ന, രേഖപ്പെടുത്തിയ ചരിത്രത്തിൽ അധികം കാണാനാവാത്തത്ര ഭീകരമായ ഭൂകമ്പത്തിന്‍റെ സാധ്യത നിലനിൽക്കുന്നു
Japan doomsday prophecy failed, but another danger casts shadow

ജപ്പാനിലെ മഹാദുരന്ത പ്രവചനം പാളി, പക്ഷേ...

Updated on

ടോക്യോ: ജൂലൈ അഞ്ചിനു പുലർച്ചെ 4.18ന് കടൽ തിളച്ചുമറിയുമെന്നും രാക്ഷസത്തിരമാലകൾ ആഞ്ഞടിക്കുമെന്നും ഭൂമി പിളരുമെന്നും പേടിച്ചിരുന്നവർക്ക് ആശ്വാസമായി. ജപ്പാനിൽ പതിവുപോലെ സൂര്യനുദിച്ചു, കടലും കരയുമെല്ലാം തലേ ദിവസത്തേതു പോലെ ശാന്തം. മഹാദുരന്ത പ്രവചനം വിശ്വസിച്ച് ഭയചകിതരായി കഴിഞ്ഞവർക്ക് ആശ്വാസം....

ജാപ്പനീസ് മാംഗ ആർട്ടിസ്റ്റായ റിയോ തത്സുകിയാണ് ജപ്പാനിലെ ജൂലൈ അഞ്ചിന് പുലർച്ചെ 4.18നു മഹാദുരന്തമുണ്ടാകുമെന്നു പ്രവചിച്ചത്. താൻ കാണുന്ന സ്വപ്നങ്ങളെ ആസ്പദമാക്കി എഴുതിയതെന്ന് അവർ അവകാശപ്പെടുന്ന 'ഫ്യൂച്ചർ ഐ സോ' എന്ന പുസ്തകത്തിൽ 2011ലെ സുനാമി മുതൽ കൊവിഡ് മഹാമാരി വരെ കൃത്യമായി പ്രവചിച്ചിരുന്നു എന്ന പ്രചരണമാണ് ജപ്പാൻകാരെ ആശങ്കാകുലരാക്കിയത്.‌

ആഴ്ചകളോളം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു തത്സുകിയുടെ പ്രവചനങ്ങൾ. ഇതു പേടിച്ച് ആയിരക്കണക്കിനാളുകൾ ഈ മേഖലയിലെ വിമാന ടിക്കറ്റുകളും ഹോട്ടൽ ബുക്കിങ്ങുകളുമെല്ലാം റദ്ദാക്കിയത് രാജ്യത്തിന്‍റെ ടൂറിസം മേഖലയെ ഗുരുതരമായി ബാധിക്കുകയും ചെയ്തിരുന്നു.

എന്നാൽ, തത്സുകി പറഞ്ഞ സമയം ശാന്തമായി കടന്നുപോയെങ്കിലും ജപ്പാന് പൂർണമായി ആശ്വസിക്കാൻ സമയമായിട്ടില്ലെന്നാണ് ചില ഗവേഷകർ ഇപ്പോഴും പറയുന്നത്. നൻകായ് ട്രവ് മെഗാക്വേക്ക് എന്ന, രേഖപ്പെടുത്തിയ ചരിത്രത്തിൽ അധികം കാണാനാവാത്തത്ര ഭീകരമായ ഭൂകമ്പത്തിന്‍റെ സാധ്യത നിലനിൽക്കുന്നു എന്നാണ് വിലയിരുത്തൽ.

ലോകത്തു തന്നെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള മേഖലയിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ജപ്പാൻ. ചെറിയ ഭൂചലനങ്ങൾ ഇവിടെ സാധാരണവുമാണ്. എന്നാൽ, നൻകായ് ട്രവ് മെഗാക്വേക്ക് ഇതുപോലെയല്ലെന്നും, രാജ്യത്തെ അപ്പാടെ തകർക്കാൻ ശേഷിയുള്ളതാവാണെന്നുമാണ് മുന്നറിയിപ്പ്.

കടലിനടിയിലുള്ള നൻകായ് ഗർത്തമായിരിക്കും ഇതിന്‍റെ പ്രഭവ കേന്ദ്രം. 2011ൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ബാധിച്ച സുനാമിക്കു കാരണമായ ഭൂകമ്പത്തോടാണ് നൻകായ് ട്രവ് മെഗാക്വേക്കിനെ കുറച്ചെങ്കിലും താരതമ്യം ചെയ്യാൻ സാധിക്കുന്നത്.

ഈ വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിൽ, മുൻകരുതൽ നടപടികൾ ജപ്പാൻ സർക്കാരും സ്വീകരിച്ചുവരുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com