വൻമതിലിനു മുൻപിൽ നിന്ന് നഗ്ന ചിത്രം പകർത്തി; ജാപ്പനീസ് വിനോദസഞ്ചാരികളെ ചൈന നാടുകടത്തി
ടോക്കിയോ: ചൈനാ വൻമതിലിനു മുൻപിൽ നഗ്നരായി ഫോട്ടോ എടുത്ത രണ്ട് ജാപ്പനീസ് വിനോദസഞ്ചാരികളെ ചൈന നാടുകടത്തി. ജനുവരിയിലാണ് സംഭവം. വൻമതിൽ കാണാനെത്തിയ 20 വയസ് പ്രായമുള്ള പുരുഷൻ അരയ്ക്കു കീഴെ നഗ്നനായി പോസ് ചെയ്തുവെന്നും ഒപ്പമുണ്ടായിരുന്ന പെൺകുട്ടി ഫോട്ടൊ പകർത്തിയെന്നുമാണ് കേസ്.
പ്രദേശത്തുണ്ടായിരുന്ന പൊലീസ് ഉടൻ തന്നെ ഇരുവരെയും പിടികൂടി. രണ്ടാഴ്ചയോളം ഇവർ ചൈനയിൽ തടവിലായിരുന്നു. ചൈനീസ് നിയമം പ്രകാരം പൊതു സ്ഥലങ്ങളിൽ നഗ്നത പ്രദർശിപ്പിക്കുന്നത് കുറ്റകരമാണ്.
എന്നാൽ, തങ്ങൾ തമാശ കാണിച്ചതാണെന്നാണ് വിനോദസഞ്ചാരികൾ ജാപ്പനീസ് എംബസിയോട് വ്യക്തമാക്കിയത്.
സംഭവം ചൈനയിൽ വൻ വിവാദമായി മാറി. 1930കളിൽ ചൈനയിലുണ്ടായ ജാപ്പനീസ് കടന്നു കയറ്റവും അതിനു പിന്നാലെയുണ്ടായ കൂട്ടക്കൊലയും അതിക്രമങ്ങളും ഇന്നും ചൈനീസ് വംശജരുടെ ഉള്ളിൽ വേദനയായി അവശേഷിക്കുന്നുണ്ട്.
ജപ്പാനിലെ സമൂഹമമാധ്യമമായ വെയ്ബോയിൽ വിനോദസഞ്ചാരികളെ വിമർശിച്ചു കൊണ്ട് നിരവധി പേരാണ് പോസ്റ്റുകൾ പങ്കു വച്ചത്. പലപ്പോഴും ജപ്പാനെതിരേയുള്ള വിദ്വേഷപരാമർശങ്ങളും പോസ്റ്റുകളിൽ ഇടം പിടിച്ചു.
