ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും

ഹിന്ദു ജനസംഖ്യ കുറയും
 India will become the country with the second-largest Muslim population in the world.

ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും

Updated on: 

ന്യൂഡല്‍ഹി: 2070ല്‍ പാക്കിസ്ഥാന്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്ന് പ്യൂ റിസര്‍ച്ച് സെന്‍ററിന്‍റെ പുതിയ പഠനം. 2035ല്‍ ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗമായി മുസ്‌ലിംകള്‍ മാറുമെന്നും, ക്രിസ്ത്യാനികളെ മറികടക്കുമെന്നും പ്രവചിക്കുന്ന ഈ പഠനം, ഇന്ത്യയുടെ മതപരമായ ഘടനയില്‍ ക്രമേണയുണ്ടാകുന്ന മാറ്റത്തെക്കുറിച്ചും വെളിപ്പെടുത്തുന്നു.

പഠനമനുസരിച്ച് 2020ല്‍ 79 ശതമാനമായിരുന്ന ഹിന്ദുക്കളുടെ ജനസംഖ്യാ വിഹിതം 2070ല്‍ 76 ശതമാനമായി കുറയും. അതേസമയം, മുസ്‌ലിംകളുടെ വിഹിതം 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി വര്‍ധിക്കുമെന്നും കണക്കാക്കപ്പെടുന്നു. ജനസംഖ്യാ ഘടനയിലെ ഈ മാറ്റത്തിന് കാരണങ്ങളായി പ്രായവും പ്രജനന നിരക്കും ആണ് 'പ്യൂ' ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ട് പ്രകാരം, ഹിന്ദുക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ശരാശരി പ്രായം കുറഞ്ഞവരും കൂടുതല്‍ കുട്ടികളുള്ളവരുമാണ്. അതിനാല്‍ ഇവരുടെ എണ്ണം കൂടുതല്‍ വേഗത്തില്‍ വര്‍ധിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

ബുധനാഴ്ച പുറത്തിറക്കിയ ഈ പഠനം, വരുന്ന അഞ്ച് പതിറ്റാണ്ടുകളില്‍ ലോകത്തിലെ മതപരമായ ജനസംഖ്യാ ഘടനയില്‍ എങ്ങനെയുള്ള മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വിലയിരുത്തുന്നു. ഇതിനായി, 201 രാജ്യങ്ങളിലായുള്ള ഏഴ് മതവിഭാഗങ്ങളിലെ മാറ്റങ്ങളെ 'പ്യൂ' പരിശോധിച്ചു.

ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 2020ലെ 111 കോടിയില്‍ നിന്ന് 2070ല്‍ 129 കോടിയായി വര്‍ധിക്കും. അതായത് ഏകദേശം 17.6 കോടിയുടെ വര്‍ധന കൈവരിക്കും. എങ്കിലും രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ ഹിന്ദുക്കളുടെ വിഹിതം അല്‍പ്പം കുറയുമെന്നാണ് കണക്കാക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ്, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി നടത്തിയ ഒരു പഠനത്തിലും ഇന്ത്യയിലെ ഹിന്ദുക്കളുടെ വിഹിതത്തില്‍ കുറവുണ്ടായതായി കണ്ടെത്തിയിരുന്നു. 1950നും 2015നും ഇടയില്‍ ഹിന്ദുക്കളുടെ വിഹിതം 7.8 ശതമാനം കുറഞ്ഞതായി ആ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. അതേസമയം, മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍, സിഖുകാര്‍ എന്നിവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ധിക്കുകയും ചെയ്തു.

2020ല്‍ 21.3 കോടി ആയിരുന്ന ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ 2070ല്‍ 33.4 കോടിയായി ഉയരുമെന്ന് പഠനം വിലയിരുത്തുന്നു. ഇതോടെ, ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തും. പഠനമനുസരിച്ച്, 2070ല്‍ ആഗോള മുസ്‌ലിം ജനസംഖ്യയുടെ 9.2 ശതമാനവും ഇന്ത്യയിലായിരിക്കും.

'പ്യൂ' പഠനമനുസരിച്ച് ഇന്ത്യയ്ക്ക് പുറത്ത് പാക്കിസ്ഥാനിലും അമെരിക്കയിലും ഹിന്ദു ജനസംഖ്യയില്‍ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാക്കിസ്ഥാനിലെ ഹിന്ദു ജനസംഖ്യ ഏകദേശം ഇരട്ടിയായി വര്‍ധിച്ച് 50 ലക്ഷത്തില്‍ നിന്ന് 1.3 കോടിയായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2070ല്‍ അമെരിക്കയിലെ ഹിന്ദു ജനസംഖ്യ 74 ലക്ഷമായി ഉയരുമെന്നും ഇത് ലോകത്തിലെ അഞ്ചാമത്തെ വലിയ ഹിന്ദു ജനസംഖ്യയായിരിക്കുമെന്നും പ്രവചിക്കപ്പെടുന്നു. കുടിയേറ്റമാണ് ഇതിന് പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.