

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യൻ നീക്കം
filephoto
വാഷിങ്ടൺ: റഷ്യയുടെ യുദ്ധം കരയും കടലും ആകാശവും കടന്ന് ബഹിരാകാശത്തേയ്ക്കും നീളുന്നതായി സൂചനകൾ. അമെരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ പദ്ധതിയിടുന്നതായാണ് ഇപ്പോൾ കിട്ടുന്ന വാർത്തകൾക്കു പറയാനുള്ളത്. നാറ്റോ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. മസ്കിന്‍റെ ഉപഗ്രഹങ്ങൾ തകർക്കാനുള്ള ഉപകരണം റഷ്യ വികസിപ്പിച്ചതായാണ് റിപ്പോർട്ട്.
റഷ്യയുടെ ഇത്തരത്തിലുള്ള നീക്കം ബഹിരാകാശ മേഖലയിലും വ്യാപക ഏറ്റുമുട്ടലിന് കാരണമാകുമെന്നും ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. ആയിരക്കണക്കിനു പെല്ലറ്റുകൾ അയച്ച് ഉപഗ്രഹങ്ങളെ തകർക്കുന്നതാണ് പദ്ധതി. ഇതിനായി റഷ്യ വികസിപ്പിച്ച പദ്ധതിക്ക് സോണൽ ഇഫക്റ്റ് എന്നാണ് പറയുന്നത്. ഭൂമിയിൽ നിന്ന് 550 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നത്. ഈ സാറ്റലൈറ്റ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് യുക്രെയ്ൻ സൈന്യം എതിരാളിയുടെ താവളങ്ങൾ കണ്ടെത്തുകയും ആശയ വിനിമയം നിരീക്ഷിക്കുകയും ചെയ്യുന്നു എന്നാണ് റഷ്യയുടെ ആരോപണം.