ഇറാന്‍റെ കരുത്ത് റഷ്യ

പ്രോട്ടോക്കോൾ തെറ്റിച്ച് പുടിൻ- റെസായി ഫോൺ സംഭാഷണം
Putin-Rezai phone conversation breaks protocol

പ്രോട്ടോക്കോൾ തെറ്റിച്ച് പുടിൻ- റെസായി ഫോൺ സംഭാഷണം

Updated on: 

ഇറാൻ സുരക്ഷാ മേധാവിയെ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ ഫോണിൽ വിളിച്ചു സംസാരിച്ചത് അത്യപൂർവമായാണ് നിരീക്ഷകർ കാണുന്നത്. ഇറാന്‍റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്‍റെ സെക്രട്ടറി മൊഹ്സെൻ റെസായിയുമായിട്ടാണ് പുടിൻ ഫോൺ സംഭാഷണം നടത്തിയത്. ഇറാന്‍റെ പ്രാദേശിക വികസനങ്ങളും തുടർച്ചയായ തന്ത്രപരമായ സഹകരണവും ഉൾക്കൊള്ളുന്ന സംഭാഷണമായിരുന്നു അതെന്ന് ആണ് ഇറാൻ സ്റ്റേറ്റ് മീഡിയ പറയുന്നത്. ഇറാനുമായുള്ള ചർച്ചകൾ പുനരുജ്ജീവിപ്പിക്കാൻ യുഎസ് വൈസ് പ്രസിഡന്‍റ് ജെഡി വാൻസ് റെസായിയെ സമീപിച്ചതിനു ദിവസങ്ങൾക്കു ശേഷമാണ് റെസായിക്ക് പുടിന്‍റെ കോൾ വന്നത്.

ജെഡി വാൻസിന്‍റെ ഇടപെടൽ ആയിരിക്കാം പുടിന് ഇറാന്‍റെ സെക്യൂരിറ്റി ചീഫിനെ നേരിട്ടു വിളിച്ചു സംസാരിക്കാൻ പ്രേരിപ്പിച്ചത്. ഇറാൻ ആണവായുധങ്ങൾ കൈവശം വയ്ക്കുന്നതിൽ അമെരിക്കയെ പോലെ തന്നെ റഷ്യയോ ചൈനയോ താൽപര്യപ്പെടുന്നില്ല.ഇറാൻ വിദേശത്ത് വിൽക്കുന്ന എണ്ണയുടെ ഭൂരിഭാഗവും വാങ്ങുന്നത് ചൈനയാണ്, 2021 ൽ ടെഹ്‌റാനുമായി 25 വർഷത്തെ സഹകരണ കരാറിലാണ് ചൈന ഒപ്പുവച്ചിരിക്കുന്നത്.

പ്രോട്ടോക്കോൾ തെറ്റിച്ച് പുടിൻ- റെസായി ഫോൺ സംഭാഷണം

പ്രോട്ടോക്കോൾ പ്രകാരം പുടിൻ മറ്റു രാജ്യങ്ങളിലെ സുരക്ഷാ മേധാവികളോടു സംസാരിക്കില്ല. പ്രസിഡന്‍റുമാരോടാണ് സംസാരിക്കുന്നത്. ഇറാന്‍റെ നേതൃത്വത്തിൽ റെസായിയുടെ വർധിച്ചു വരുന്ന ഭാരം ഈ കോൾ പ്രതിഫലിപ്പിക്കുന്നതാണ്.ഇറാനിൽ ചർച്ചകൾ നടത്താൻ നേതാക്കളില്ലെന്നാണ് ട്രംപ് അടുത്തയിടെ പറഞ്ഞത്. ചർച്ചകൾ കൈകാര്യം ചെയ്യാൻ ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫുമായി ഇടപെടാൻ ട്രംപ് തയാറായിരുന്നില്ല. റെസായിയെ വിദേശരാജ്യങ്ങൾ അംഗീകരിക്കുമ്പോൾ ഗാലിബാഫിനെ മാറ്റി നിർത്തുന്നത് ടെഹ്റാൻ അംഗീകരിച്ചിട്ടില്ല.

റഷ്യയും ഇറാനും യുദ്ധത്തിൽ വൻ തോതിൽ വ്യാപാരം നടത്തിയിട്ടുണ്ട്. യുക്രെയ്ൻ യുദ്ധത്തിനു വേണ്ടി ഇറാൻ റഷ്യയ്ക്ക് ഡ്രോണുകളും അവ നിർമിക്കാനുള്ള സാങ്കേതിക വിദ്യയും നൽകിയിട്ടുണ്ട്. അമെരിക്കയുമായുള്ള ഇറാന്‍റെ യുദ്ധത്തിൽ ടെഹ്റാന് രഹസ്യാന്വേഷണ സൈനിക സഹായം മോസ്കോ നൽകുന്നതായാണ് റിപ്പോർട്ടുകൾ. അമേരിക്കയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് സാധ്യതയില്ലാത്തിടത്തോളം കാലം മാത്രമേ മോസ്കോ ഇറാനെ ഇത്തരത്തിൽ സഹായിക്കാൻ സാധ്യതയുള്ളു എന്നും വിലയിരുത്തലുകൾ ഉണ്ട്.

ഇറാൻ പരാജയപ്പെടുകയും ഒരു യുഎസ് അനുകൂലമോ പാശ്ചാത്യ അനുകൂലമോ ആയ ഭരണം ഇറാനിൽ വരുകയും ചെയ്യുന്നതിനെക്കാൾ ഇപ്പോഴത്തെ ഇസ്ലാമിക് റിപ്പബ്ലിക്കിന് ആണവായുധം ഉണ്ടായിരിക്കുന്നതാണ് നല്ലതെന്നാണ് റഷ്യ കരുതുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. എന്നാൽ ഇറാന്‍റെ ആണവ പ്രശ്നം പരിഹരിക്കപ്പെടാതെ വിടുന്നതാണ് ക്രെംലിനു നേട്ടമെന്ന് അമെരിക്കൻ വിദേശകാര്യ കൗൺസിലിന്‍റെ സീനിയർ വൈസ് പ്രസിഡന്‍റ് ഇലൻ ബെർമൻ പറഞ്ഞു.