

യെമനിൽ ഹൂതി മിസൈൽ ആക്രമണം
ബെയ്റൂട്ട്: യെമനിലെ ചെങ്കടൽ തീരത്തുള്ള തന്ത്രപ്രധാനമായ തുറമുഖ നഗരമായ അൽ-മുഖയ്ക്കു നേരെ ഹൂതി വിമതർ നടത്തിയ അതിശക്തമായ മിസൈൽ ആക്രമണങ്ങളെ തുടർന്ന് തുറമുഖത്തിന്‍റെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചു.ഹൂതികൾ 25ലധികം മിസൈലുകളാണ് തുറമുഖം ലക്ഷ്യമാക്കി അയച്ചതെന്ന് തുറമുഖ ഡയറക്റ്റർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ആക്രമണങ്ങളിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഏകദേശം 1.6 കോടി ഡോളറിന്‍റെ സാമ്പത്തിക നഷ്ടം സംഭവിച്ചു. വെള്ളിയാഴ്ച മാത്രം ആറോളം ബാലിസ്റ്റിക് മിസൈലുകൾ തുറമുഖത്തിന് നേരെ ഹൂതികൾ തൊടുത്തുവിട്ടതായി യെമൻ അന്താരാഷ്ട്ര അംഗീകൃത ഭരണകൂടം വ്യക്തമാക്കി.
എന്നാൽ അൽ-മുഖയിലെ സൗദി സൈനിക താവളങ്ങളും ആയുധശേഖരങ്ങളും സൗദി അനുകൂല സേനയുടെ സൈനിക ബോട്ടുകളും ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സരീ അവകാശപ്പെട്ടു. മേഖലയിലെ യുഎസ് സഖ്യകക്ഷികൾക്കും സമുദ്രപാതകൾക്കും നേരെ ഹൂതികൾ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.
ഇസ്രായേൽ-യു.എസ് കൂട്ടുകെട്ട് ഇറാനെതിരെ ആക്രമണം നടത്തിയതിന് പിന്നാലെ മാർച്ച് മാസത്തിലാണ് ഹൂതികൾ യുദ്ധത്തിൽ നേരിട്ട് പങ്കാളികളാകുന്നത്. സൗദി അറേബ്യയുമായുള്ള നാല് വർഷത്തെ താത്കാലിക വെടിനിർത്തലിന് ശേഷം, ഈ മാസം ഹൂതികൾ യെമൻ സർക്കാരുമായി ഏറ്റുമുട്ടുകയും സൗദിക്ക് നേരെ ആക്രമണം നടത്തുകയും ചെയ്ത് സംഘർഷം വർധമാനമാക്കിയിരുന്നു. ഹോർമുസ് കടലിടുക്കിലും ചെങ്കടലിലും സമുദ്ര സുരക്ഷ വലിയ ഭീഷണി നേരിടുന്ന സമയത്താണ് ഈ പുതിയ നീക്കങ്ങൾ എന്നത് ശ്രദ്ധേയമാണ്.