

ഇറാൻ പ്രതിഷേധക്കാർക്ക് ഉടൻ സഹായം; ട്രംപ്
file photo
ടെഹ്റാൻ: ഇറാനിലെ പ്രക്ഷോഭകർക്ക് എതിരായ സർക്കാർ അടിച്ചമർത്തൽ തുടരുന്നതിൽ പ്രതിഷേധിച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാൻ അധികൃതരുമായുള്ള എല്ലാ ചർച്ചകളും റദ്ദാക്കി. നിലവിലെ സാഹചര്യത്തിൽ നയതന്ത്ര ചർച്ചകൾക്ക് യാതൊരു പ്രസക്തിയും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകൾക്ക് തയാറാണെന്ന സൂചന നൽകിയിരുന്നു എങ്കിലും പ്രതിഷേധക്കാർക്ക് എതിരായ അക്രമം അവസാനിപ്പിക്കാത്തതിനാൽ ആ തീരുമാനം മാറ്റുകയായിരുന്നു.
തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ നിലപാട് അറിയിച്ചത്. ഇറാനിലെ പ്രതിഷേധക്കാർക്ക് ശക്തമായ പിന്തുണ നൽകിയ ട്രംപ് പ്രതിഷേധം തുടരാനും സ്ഥാപനങ്ങൾ പിടിച്ചെടുക്കാനും ആഹ്വാനം ചെയ്തു. സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ അക്രമം അഴിച്ചു വിടുന്നവർ വൻ വില നൽകേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകി.
പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നതു നിർത്താതെ യാതൊരു തരത്തിലുമുള്ള ചർച്ചകളിലും ഏർപ്പെടില്ലെന്ന കടുത്ത നിലപാടിലാണ് ഇപ്പോൾ ട്രംപ്. ഇറാനെ വീണ്ടും ശക്തമായ രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെ മേക്ക് ഇറാൻ ഗ്രേറ്റ് എഗെയ്ൻ‘MIGA’ (Make Iran Great Again) എന്ന വാചകത്തോടെയാണ് ട്രംപ് തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.