

വാഷ്ങ്ടൺ: പ്രസിഡന്‍റ് സ്ഥാനത്ത് നിന്നു ഒഴിയുന്നതിന് മണിക്കൂറുകൾക്ക് മുൻപ് നിർണായക നീക്കവുമായി ജോ ബൈഡൻ. തന്‍റെ മുന്‍ ആരോഗ്യ ഉപദേഷ്ടാവ് ഡോ ആന്‍റണി ഫൗച്ചി, റിട്ടേര്‍ഡ് ജനറല്‍ മാര്‍ക്ക് മില്ലി, 2021 ലെ കാപ്പിറ്റോള്‍ ആക്രമണത്തെ കുറിച്ച് അന്വേഷിച്ച ഹൗസ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്ക് 'മാപ്പ്' നൽകിയിരിക്കുകയാണ് ബൈഡൻ.
ഡോണൾഡ് ട്രംപ് ഭരണകുടത്തിന്‍റെ പ്രതികാര നടപടികളിൽ നിന്നും തന്‍റെ മുൻ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ വേണ്ടിയാണ് ബൈഡൻ ഈ നടപടി സ്വീകരിച്ചത്. അടുത്തിടെ തന്‍റെ രാഷ്ട്രീയ എതിരാളികളുടെ പേര് ഡോണൾഡ് ട്രംപ് തുറന്ന് പറഞ്ഞിരുന്നു. കാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ചരടുവലിച്ചവരാണിവർ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഡോണൾഡ് ട്രംപ് തന്‍റെ ശത്രുക്കളുടെ പേരുകൾ പറഞ്ഞത്.
ഇതോടെ ഭരണത്തിൽ തിരിച്ചെത്തിയാൽ ട്രംപ് ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചേക്കുമെന്ന നിരീക്ഷണങ്ങൾ ഉണ്ടായിരുന്നു. അതേസമയം കാപിറ്റോൾ ആക്രമണത്തിലും തെരഞ്ഞെടുപ്പ് അട്ടിമറിയിലും തന്നെ പിന്തുണച്ചവർക്ക് ട്രംപ് കാബിനറ്റ് പദവിയും നൽകിയിട്ടുണ്ട്. ബൈഡന്‍റെ മുന്‍ ആരോഗ്യ ഉപദേഷ്ടാവ് കൂടിയായ ഡോ ആന്‍റണി ഫൗച്ചി അമേരിക്കയുടെ കൊവിഡ് നിർമ്മാർജന പ്രവർത്തനങ്ങളുടെ തലവനായിരുന്നു. മാസ്ക് ഉൾപ്പെടെ കർശനമാക്കിയതിന് അന്ന് ട്രംപും അനുയായികളും ഡോ ആന്‍റണി ഫൗച്ചിക്കെതിരെ രംഗത്തെത്തിയിരുന്നു. ജോയിന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫിന്‍റെ മുൻ ചെയർമാനായിരുന്ന ജനറൽ മാർക്ക് മില്ലിയാകട്ടെ ട്രംപിനെ നേരത്തേ ഫാസിസ്റ്റ് എന്ന് വിളിച്ചിരുന്നു.
കൂടാതെ കാപ്പിറ്റോൾ കലാപസമയത്ത് ട്രംപിന്‍റെ ഇടപെടലുകൾ മില്ലി തുറന്നുകാട്ടുകയും ചെയ്തിരുന്നു. ഇതെല്ലാം മില്ലിയോട് ട്രംപിന് കടുത്ത ശത്രുതയ്ക്ക് കാരണമായിരുന്നു. അതേസമയം ട്രംപ് വീണ്ടും അധികാരത്തിലേറിയാൽ ഇവർക്കെതിരെ നടപടിയുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ഈ സാഹചര്യത്തിലാണ് ജോ ബൈഡൻ തന്‍റെ പ്രത്യേക അധികാരം ഉപയോഗപ്പെടുത്തിയത്. ഇവർക്കെതിരെ എന്തെങ്കിലും ശിക്ഷാ നടപടി എടുക്കുന്നതിന് മുൻപ് തന്നെ ഇവരെ കുറ്റവിമുക്തരാക്കുകയാണ് 'മാപ്പ്' നൽകിയതിലൂടെ ബൈഡൻ ചെയ്തത്.