

നെതന്യാഹു, ഐസൻകോട്ട്
ടെൽ അവീവ്: ഇസ്രയേൽ തെരഞ്ഞടുപ്പിൽ 91 ശതമാനം വോട്ടും എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹു ബ്ലോക്കിന് ഒരു സീറ്റ് കുറഞ്ഞ് 53 ആയി. ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളിൽ വിജയം നേടാനായി. ഇനിയുള്ളത് നാലര ലക്ഷത്തോളം വരുന്ന ഡബിൾ എൻവലപ് വോട്ടുകളാണ്. സൈനിക തടവുകാർ, ആശുപത്രികളിലുള്ളവർ, വിദേശങ്ങളിലുള്ളവർ തുടങ്ങി നേരിട്ടു വോട്ടു ചെയ്യാനാകാത്തവരുടെ വോട്ടുകളാണ് ഡബിൾ എൻവലപ് വോട്ടുകളായി വരുന്നത്. ഈ വോട്ടുകൾ കൂടി എണ്ണിത്തീർത്താൽ മാത്രമേ വോട്ടെണ്ണൽ പൂർത്തിയാകുകയുള്ളു.
കിങ്മേക്കറാകുമോ അറബ് സഖ്യം?
മുമ്പെങ്ങുമില്ലാത്ത വിധമുള്ള വിജയമാണ് ഇത്തവണ ഇസ്രയേലിലെ അറബ് സഖ്യത്തിനു ലഭിച്ചത്. ആകെ 19 സീറ്റുകളിലാണ് അവർ വിജയിച്ചത്. ഇതിൽ ജോയിന്റ് ലിസ്റ്റും റാം പാർട്ടിയുമാണ് പ്രധാന ഘടകങ്ങൾ. ജോയിന്റ് ലിസ്റ്റ് പലസ്തീനികളെ പിന്തുണയ്ക്കുന്നവരും പലസ്തീൻ ദേശീയ വാദികളുമാണ്. അതു കൊണ്ടു തന്നെ പലസ്തീനികളെ നശിപ്പിച്ച നെതന്യാഹുവിനെയും തീവ്ര വലതുപക്ഷ മന്ത്രിമാരെയും താഴെയിറക്കാൻ നെതന്യാഹു വിരുദ്ധ കക്ഷികളുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ജോയിന്റ് ലിസ്റ്റ് രംഗത്തെത്തിയിട്ടുണ്ട്.
അബ്ബാസിന്റെ "തക്കിയ" കൾ
ജോയിന്റ് ലിസ്റ്റിനെ അപേക്ഷിച്ച് മൻസൂർ അബ്ബാസിന്റെ റാം പാർട്ടി കുറച്ചു കൂടി പ്രായോഗിക വാദികളാണ്. 2023 ഒക്റ്റോബർ 7ലെ ആക്രമണത്തെ മൻസൂർ അബ്ബാസ് അപലപിച്ചിരുന്നു. ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അബ്ബാസ് ഹമാസ് നിരസിച്ച ദ്വിരാഷ്ട്ര ചട്ടക്കൂടിനെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ ഗാസയിൽ ഇസ്രയേൽ നടത്തിയ യുദ്ധം വൻ നാശത്തിനിടയാക്കി എന്ന കാരണം ആരോപിച്ച് ഹമാസിന്റെ നാശത്തിന് ഇസ്രേയൽ നടത്തിയ ആഹ്വാനത്തിൽ നിന്ന് അബ്ബാസ് വിട്ടു നിൽക്കുന്നതാണ് പിന്നീടു കണ്ടത്. ഇതു മാത്രം മതി ഇസ്രയേലിൽ അറബ് സഖ്യം ഭരണത്തിൽ ഏറിയാൽ എന്തു സംഭവിക്കും എന്നു മനസിലാക്കാൻ. കാര്യ സാധ്യത്തിനായി കള്ളം പറയുന്നതും പ്രവർത്തിക്കുന്നതും തെറ്റല്ല എന്ന ഇസ്ലാമിക പഠനമാണ് തക്കിയ. മുൻ സീനിയർ പൊലീസ് കമാൻഡർ യോവ് സെഗലോവിസ്റ്റ്സിനെ റാമിന്റെ നെസെറ്റ് സ്ലേറ്റിലേയ്ക്കു കൊണ്ടു വന്ന മൻസൂർ അബ്ബാസ് ഇപ്പോൾ യോവിനെ മുൻ നിർത്തിയാണ് നെതന്യാഹുവിനെ താഴെയിറക്കാൻ ശ്രമിക്കുന്നത്.
ഐസൻ കോട്ടിന്റെ സഖ്യത്തിൽ ചേരാൻ വേണ്ടി മാത്രം അദ്ദേഹത്തിന്റെ പ്രധാന മാനദണ്ഡം പാലിക്കാൻ അബ്ബാസ് തയാറായി. ഇസ്രയേലിനെ ജൂതരാഷ്ട്രമായി അംഗീകരിക്കുക എന്നതാണത്. എന്നാൽ ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിനു മുമ്പ് ഐസൻകോട്ട് മറ്റൊരു വ്യവസ്ഥ കൂടി അബ്ബാസിനു മുമ്പിൽ വച്ചു-ഇസ്രയേൽ നശിപ്പിക്കേണ്ട ഒരു ഭീകര സംഘടനയായി ഹാമസിനെ റാം പാർട്ടി അംഗീകരിക്കുക എന്നതാണ് അത്. എന്നാൽ അതിന് റാം പാർട്ടി ചെയർമാൻ ഇതു വരെ യെസ് മൂളിയിട്ടില്ല. മറിച്ച് സഖ്യ കക്ഷികളിൽ ചർച്ച ചെയ്യേണ്ട വിഷയമാണിതെന്നാണ് അബ്ബാസ് പ്രതികരിച്ചത്. അതായത് ഐസൻകോട്ടിനോട് ഹമാസിനെ ഭീകരസംഘടനയായി കാണാം എന്നോ പറ്റില്ലെന്നോ പറയാൻ അബ്ബാസ് തയാറായില്ല.
അറബ് സഖ്യത്തെ അംഗീകരിക്കാതെ ബെന്നറ്റും ലിബർമാനും
ഇനി ഹമാസിനെ ഭീകര സംഘടനായി അംഗീകരിച്ച് അറബ് സഖ്യം ഐസൻകോട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാൽ തന്നെ നിലവിൽ അദ്ദേഹത്തിനൊപ്പമുള്ള മറ്റു രണ്ടു പാർട്ടികൾ അറബ് സഖ്യത്തെ അംഗീകരിക്കില്ല. നെതന്യാഹു വിരുദ്ധ കൂട്ടായ്മയിലെ ബെന്നറ്റും ലിബർമാനും ജൂതേതര പാർട്ടികളുമായി യാതൊരു തരത്തിലും സഖ്യം രൂപീകരിക്കില്ലെന്ന നിശ്ചയദാർഢ്യത്തിലാണ്. ഒക്റ്റോബർ ഏഴിലെ ഹമാസ് ആക്രമണത്തിനു ശേഷം യാതൊരു തരത്തിലും അറബ് ഇസ്രയേൽ സഖ്യവുമായി യാതൊരു പങ്കാളിത്തത്തിനും തങ്ങൾ തയാറല്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഈ രണ്ടു പാർട്ടികളും.
2021-2022 ലെ മുൻ സർക്കാരിൽ വിശ്വസ്ത പങ്കാളിയായി അബ്ബാസിനെ ഇരു പാർട്ടി മേധാവികളും സ്വകാര്യമായി പ്രശംസിച്ചിട്ടുള്ളതാണ്. പക്ഷേ ഹമാസിനെ ഭീകര സംഘടനയായി അംഗീകരിക്കുന്നതിൽ മൗനം പാലിച്ച അബ്ബാസിനെ തങ്ങളുടെ പക്ഷം ചേർക്കാൻ പ്രതിപക്ഷത്തെ പല സഖ്യ കക്ഷികൾക്കും താൽപര്യമില്ല എന്നതാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്. ഡെമോക്രാറ്റ് നേതാവ് യെയർ ഗോലാൻ മാത്രമാണ് അബ്ബാസിനു പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. മറ്റു ജൂത നേതാക്കൾ എല്ലാവരും തന്നെ ഭരണ-പ്രതിപക്ഷ ഭേദമെന്യേ നെതന്യാഹുവിന്റെ പാതയാണ് പിന്തുടരുന്നത്.
നെതന്യാഹുവിന്റെ നിലപാട്
അറബികളുടെ വോട്ടവകാശം ഇല്ലാതാക്കാൻ ശ്രമിക്കാത്ത നെതന്യാഹു, പക്ഷേ ഒരു കാര്യം ആവർത്തിച്ചു പറഞ്ഞു. ഇസ്രേയലിലെ മുഴുവൻ അറബ് സമൂഹത്തിന്റെയും തെരഞ്ഞെടുപ്പിലെ പങ്കാളിത്തം ഇസ്രയേലിനു തന്നെ ഒരു ദേശീയ സുരക്ഷാ ഭീഷണിയാണെന്ന വസ്തുത. ബുർഖ ധരിച്ച് പോളിങ് സ്റ്റേഷനിലെത്തി വോട്ട് ചെയ്ത വനിതാ വോട്ടർമാർ വോട്ട് മോഷണം നടത്താനെത്തിയവരാണെന്ന ആരോപണവും നെതന്യാഹു പക്ഷം ഉയർത്തുന്നു. 2020ൽ അമെരിക്കയിൽ ട്രംപും ഇതേ ആരോപണം ഉയർത്തിയിരുന്നു. ബുർഖയ്ക്കുള്ളിൽ വന്നു വോട്ട് ചെയ്യുന്നത് ആരാണെന്നും ആ വ്യക്തി പുരുഷനോ സ്ത്രീയോ ആണോ എന്നും ഈ ബുർഖ ധാരി എത്ര തവണ ഏതൊക്കെ പോളിങ് സ്റ്റേഷനിൽ വോട്ടു ചെയ്തു എന്നും അറിയുക അസാധ്യമാണ്. ഇതാണ് വോട്ട് മോഷണം എന്ന ആരോപണത്തിലേയ്ക്ക് മറ്റു പാർട്ടികളെ നയിക്കുന്നത്. അതു കൊണ്ടു തന്നെ തെരഞ്ഞെടുപ്പ് മോഷ്ടിക്കപ്പെട്ടു എന്നും ഇസ്രേയൽ പൊലീസ്, ഷിൻബെറ്റ് ,കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി എന്നിവർ ഈ വോട്ട് ചോർച്ചയെ കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് ലിക്കുഡ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
ആകെക്കൂടി നോക്കുമ്പോൾ ഇസ്രേയലിൽ ഐക്യ മുന്നണി വരാനാണ് സാധ്യത. ഒക്റ്റോബർ ഏഴിനു ശേഷമുള്ള തെരഞ്ഞെടുപ്പ് ആയതിനാലും പലസ്തീൻ ദേശീയ വാദം ഉയർത്തുന്ന ജോയിന്റ് ലിസ്റ്റിനെയോ ഹമാസ് ഭീകര സംഘടനയാണ് എന്നു സമ്മതിക്കാൻ വൈമുഖ്യമുള്ള റാമിനെയോ ഇസ്രയേലിലെ ജൂത പാർട്ടികൾ ഭരണം കൈയാളാൻ വേണ്ടി തങ്ങളുടെ ഒപ്പം ചേർക്കാൻ സാധ്യതയില്ല. ചരുക്കി പറഞ്ഞാൽ ഭരണം വീണ്ടും നെതന്യാഹുവിന്റെ കരങ്ങളിൽ തന്നെ എത്തും.