ചൈന സാമ്പത്തിക സമ്മർദ്ദം നടത്തുന്നെന്നു പനാമ: പനാമയ്ക്കു പിന്തുണയുമായി യുഎസ്

യുഎസിനൊപ്പം ബൊളീവിയ, കോസ്റ്റാറിക്ക, ഗയാന, പരാഗ്വേ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നീ രാജ്യങ്ങൾ ഇറക്കിയ സംയുക്ത പ്രസ്താവനയിലാണ് പിന്തുണ വ്യക്തമാക്കിയത്
Panama says China is exerting economic pressure

ചൈന സാമ്പത്തിക സമ്മർദ്ദം നടത്തുന്നെന്നു പനാമ

Updated on

വാഷിങ്ടൺ: ചൈന സാമ്പത്തികമായി പനാമയെ സമ്മർദ്ദത്തിലാക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ പനാമയ്ക്കു പിന്തുണയുമായി അമെരിക്ക രംഗത്ത്. പനാമ കനാലിന്‍റെ ഇരു വശങ്ങളിലും ഉള്ള രണ്ടു പ്രധാന തുറമുഖങ്ങളുടെ നിയന്ത്രണം പനാമ സർക്കാർ ഏറ്റെടുത്തതിനു പിന്നാലെയാണ് യുഎസിന്‍റെ പിന്തുണ പ്രഖ്യാപനം.

യുഎസിനൊപ്പം ബൊളീവിയ, കോസ്റ്റാറിക്ക, ഗയാന, പരാഗ്വേ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നീ രാജ്യങ്ങൾ ഇറക്കിയ സംയുക്ത പ്രസ്താവനയിലാണ് പിന്തുണ വ്യക്തമാക്കിയത്. പ്രാദേശിക സ്വാതന്ത്ര്യം വിലപേശാൻ ആകാത്തത് ആണെന്നും പ്രാദേശിക പരമാധികാരം, സുരക്ഷ എന്നിവ സംരക്ഷിക്കേണ്ടത് രാജ്യത്തിന്‍റെ കടമയാണെന്നും പ്രസ്താവനയിൽ പറ‍യുന്നു.

ചൈനയുടെ സാമ്പത്തിക സമ്മർദ്ദവും പനാമ പതാകയുള്ള കപ്പലുകൾക്കു നേരെയുണ്ടായ സമീപകാല നടപടികളെയും കുറിച്ച് പ്രസ്താവനയിൽ എടുത്തു പറയുന്നു. കഴിഞ്ഞ ദിവസമാണ് പനാമയിലെ രണ്ടു തുറമുഖങ്ങളുടെ നിയന്ത്രണം പനാമ സർക്കാർ പിടിച്ചെടുത്തത്. 2021ൽ 25 വർഷത്തേയ്ക്ക് കരാർ പുതുക്കിയ കമ്പനിയുമായി വീണ്ടും കരാറുണ്ടാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് പനാമ കോടതി നിരീക്ഷിച്ചിരുന്നു.

ഇതേത്തുടർന്നാണ് ബാൽബോവ, ക്രിസ്റ്റോബൽ എന്നീ ടെർമിനലുകളുടെ നിയന്ത്രണം ഏറ്റെടുത്തത്. പതിറ്റാണ്ടുകളായി നിലനിന്ന നിയന്ത്രണമാണ് ഇപ്പോൾ സർക്കാരിന് ലഭിച്ചത്. ഇതിനു പിന്നാലെയാണ് കപ്പലുകൾക്ക് നേരെ ചൈന സമ്മർദ്ദം ചെലുത്താൻ തുടങ്ങിയത്. തുറമുഖത്തിനു നേരെയുള്ള എല്ലാ ഭീകരതയ്ക്കും എതിരേ പ്രവർത്തിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എക്സിൽ കുറിച്ചു.

കംപ്യൂട്ടർ സംവിധാനങ്ങൾ, ക്രെയിനുകൾ എന്നിവയുൾപ്പടെയുള്ള തുറമുഖത്തെ എല്ലാ വസ്തു വകകളും ഏറ്റെടുക്കാൻ പനാമ മാരിടൈം അതോറിറ്റിക്ക് അനുമതി ലഭിച്ചു. ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്‍റായി വീണ്ടും എത്തിയതോടെ ചൈനയും അമെരിക്കയും പനാമയും തമ്മിലുണ്ടായ ത്രികോണ പോരാട്ടത്തിന് പുതിയൊരു വഴിത്തിരിവ് ആയിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com