

ട്രംപും താനും ഒരുമിച്ചാകും വിജയ നായകന് ലോകകപ്പ് ട്രോഫി കൈമാറുകയെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റീനോ
വാഷിങ്ടൺ: അമെരിക്കയും ക്യാനഡയും മെക്സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെന്‍റിന്‍റെ കലാശപ്പോരാട്ടം കാണാൻ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ടെത്തും. മത്സരം കാണുകയും വിജയികൾക്കുള്ള കിരീടം സമ്മാനിക്കുകയും ചെയ്യും. ഞായറാഴ്ച ന്യൂയോർക്ക്-ന്യൂജഴ്സി സ്റ്റേഡിയത്തിൽ നടക്കുന്ന അർജന്‍റീന-സ്പെയിൻ ഫൈനൽ മത്സരത്തിൽ ട്രംപ് പങ്കെടുക്കുമെന്നാണ് വൈറ്റ് ഹൗസിന്‍റെ പ്രസ്താവന.
മത്സരശേഷം വിജയികൾക്കുള്ള ലോകകപ്പ് ട്രോഫി ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റീനോയ്ക്കൊപ്പം ട്രംപും ചേർന്നാവും സമ്മാനിക്കുക. വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അമെരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഏറ്റവും സുരക്ഷിതവും വിജയകരവുമായ ലോകകപ്പിന്‍റെ സമാപനത്തിനാണ് പ്രസിഡന്‍റ് സാക്ഷ്യം വഹിക്കുക എന്നും അവർ കൂട്ടിച്ചേർത്തു. ഫൈനലിനു മുന്നോടിയായി വെള്ളിയാഴ്ച ന്യൂയോർക്കിലെ ട്രംപ് ടവറിൽ നടക്കുന്ന ഫിഫ റിസപ്ഷനിലും ട്രംപ് പങ്കെടുക്കും.
കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റീനോ തനിച്ചാണ് ജേതാക്കൾക്ക് ട്രോഫി നൽകിയിരുന്നത്. എന്നാൽ ഇത്തവണ പ്രസിഡന്‍റ് ട്രംപും താനും ഒരുമിച്ചാകും വിജയ നായകന് ലോകകപ്പ് ട്രോഫി കൈമാറുകയെന്ന് ഇൻഫാന്‍റീനോ ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.