ലെബനനിലും "സുരക്ഷാ മേഖല സിദ്ധാന്ത"വുമായി ഇസ്രയേൽ

പിടിച്ചെടുത്ത ലെബനൻ മണ്ണ് വിട്ടു കൊടുക്കില്ലെന്ന് ഇസ്രയേൽ
  Israel says it will not give up captured Lebanese territory

പിടിച്ചെടുത്ത ലെബനൻ മണ്ണ് വിട്ടു കൊടുക്കില്ലെന്ന് ഇസ്രയേൽ

Updated on

ടെൽ അവീവ്: തങ്ങളുടെ സൈന്യത്തിന് നേരെ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കുകയും അതേസമയം പിടിച്ചെടുത്ത മണ്ണിൽ അധിനിവേശം തുടരുകയും ചെയ്യുന്ന അവസ്ഥയെയാണ് ഇസ്രയേൽ വെടിനിർത്തൽ എന്നു നിർവചിക്കുന്നതെന്ന ആരോപണവുമായി അന്താരാഷ്ട്ര നിരീക്ഷകർ. നിലവിൽ ഗാസയിലും ലെബനനിലും ഇതേ തന്ത്രമാണ് ഇസ്രയേൽ പയറ്റുന്നത്.

സിറിയയിലാകട്ടെ ബാഷർ അൽ അസദ് ഭരണകൂടത്തിന്‍റെ പതനത്തിനു ശേഷം തെക്കൻ സിറിയയുടെ വലിയൊരു ഭാഗം കൈയടക്കിയ ഇസ്രയേൽ അവിടെയും ഈ അധിനിവേശം തുടരുകയാണ്. ഇസ്രയേലിന്‍റെ സുരക്ഷാ മേഖലകൾ എന്ന ഈ പുതിയ അധിനിവേശ സിദ്ധാന്തത്തിന്‍റെ തുടക്കം ഗാസയിൽ നിന്നായിരുന്നു. അവിടെ നടപ്പാക്കിയ പല ക്രൂരമായ അധിനിവേശ രീതികളും ഇപ്പോൾ ലെബനനിലും ഒരു മാനദണ്ഡമാക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്.

അതിർത്തി ഗ്രാമങ്ങൾ ആസൂത്രിതമായി തകർക്കുക, ഭൂമി കൈയേറുക, കെട്ടിടങ്ങൾ മാത്രമല്ല ജനങ്ങളെപ്പോലും പൂർണമായി ഒഴിപ്പിച്ച് പ്രദേശങ്ങൾ ശൂന്യമാക്കുക എന്നിവയാണ് ഇസ്രയേലിന്‍റെ തന്ത്രം. ലെബനനിലെ ഷിയാ മുസ്ലിം ഗ്രാമങ്ങളെ ഹിസ്ബുള്ളയുടെ സൈനിക താവളങ്ങളായാണ് ഇസ്രയേൽ കണക്കാക്കുന്നത്. അതിനാൽ ഈ പ്രദേശങ്ങളെ പൂർണമായും തുടച്ചു നീക്കാനാണ് അവരുടെ നീക്കം.

ഈ അധിനിവേശ സിദ്ധാന്തം എങ്ങനെയും സംരക്ഷിക്കണമെന്നാണ് ഇസ്രയേൽ ഭരണകൂടത്തിന്‍റെ തീരുമാനം. ലെബനനിൽ പിടിച്ചെടുത്ത ഭൂമിയിൽ നിന്നു പിന്മാറാൻ തയാറായാൽ സിറിയയിലും സമാനമായ രീതിയിൽ പിന്മാറേണ്ടി വരുമെന്ന് ഇസ്രയേൽ നേതൃത്വം ഭയപ്പെടുന്നു. ആ പ്രത്യയശാസ്ത്ര പരമായ പിന്മാറ്റത്തിന് ഇസ്രയേൽ ഒട്ടും തയാറല്ല. നിലവിലെ നെതന്യാഹു സർക്കാരിന്‍റെ പ്രധാന ശക്തികേന്ദ്രമായ തീവ്ര വലതുപക്ഷ കക്ഷികൾ ഇത്തരം ഒരു പിന്മാറ്റത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചുരുക്കത്തിൽ വെടിനിർത്തലിന്‍റെ മറവിൽ അയൽരാജ്യങ്ങളുടെ ഭൂമി സ്ഥിരമായി കൈയടക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com