മുസ്ലിം രാജ്യങ്ങൾ യഥാർഥ ശത്രുവിനെതിരേ ഒന്നിക്കണം: ഖമനേയി

മുസ്ലിം രാജ്യങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കുന്ന ഏത് നീക്കവും ഇസ്ലാമിന്‍റെ ശത്രുക്കളെയാണ് സഹായിക്കുന്നതെന്ന് ഔദ്യോഗിക വെബ്സൈറ്റിൽ പങ്കുവച്ച കുറിപ്പിൽ ഓർമിപ്പിക്കുന്നു
Khamenei calls for Muslim unity against real enemy

മുജ്തബ ഖമനേയി.

File photo

Updated on

ദുബായ്: ഇറാൻ - യുഎസ് യുദ്ധം ആരംഭിച്ച് ആറുമാസം തികയുന്ന വേളയിൽ, മുസ്ലിം രാജ്യങ്ങൾ അമെരിക്കയ്ക്കും ഇസ്രായേലിനുമെതിരേ ഒത്തൊരുമിക്കണമെന്ന് ഇറാൻ പരമാധികാരി മുജ്തബ ഖമനേയി. മേഖലയിലെ മുസ്ലിം രാജ്യങ്ങളിലെ ഭരണാധികാരികൾ യഥാർഥ ശത്രുവിനെ തിരിച്ചറിഞ്ഞ് ഒത്തൊരുമയോടെ നേരിടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കഴിഞ്ഞ ഫെബ്രുവരി 28-ന് യുദ്ധത്തിന്‍റെ തുടക്കത്തിൽ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്ന് അധികാരത്തിലെത്തിയ മുജ്തബ ഖമനേയി ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്‍റെ പേരിൽ വിഡിയൊയോ ഓഡിയൊയോ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടുമില്ല. ഔദ്യോഗിക വെബ്‌സൈറ്റ് വഴി പുറത്തുവിട്ട കുറിപ്പിലൂടെയാണ് ഇപ്പോഴത്തെ ആഹ്വാനം.

മുസ്ലിം രാജ്യങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കുന്ന ഏത് നീക്കവും ഇസ്ലാമിന്‍റെ ശത്രുക്കളെയാണ് സഹായിക്കുന്നതെന്ന് കുറിപ്പിൽ ഓർമിപ്പിക്കുന്നു. യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ, യുഎഇ, ജോർദാൻ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെ ഇറാൻ ലക്ഷ്യമിട്ടിരുന്നു. ഇതിനെത്തുടർന്ന് ഈ രാജ്യങ്ങളുമായുള്ള ഇറാന്‍റെ നയതന്ത്ര ബന്ധങ്ങൾ വഷളായി. ഈ സാഹചര്യത്തിലാണ് ഭിന്നതകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി ഖമനേയി രംഗത്തെത്തിയിരിക്കുന്നത്.

ഇറാനിലെ ജനങ്ങളും ഉദ്യോഗസ്ഥരും അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് അമെരിക്കയ്ക്കും ഇസ്രായേലിനുമെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു ആവശ്യപ്പെട്ടു. മാസങ്ങളായി തുടരുന്ന യുഎസ് നാവിക ഉപരോധത്തിന്‍റെയും കടുത്ത ഉപരോധങ്ങളുടെയും പശ്ചാത്തലത്തിൽ, ഇറാന്‍റെ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനായി സമ്പദ്‌വ്യവസ്ഥയെ ഘട്ടംഘട്ടമായി ഡോളർ വിമുക്തമാക്കണമെന്നും ഉത്പാദനം വർധിപ്പിക്കണമെന്നും അദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച നൽകിയ സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു.

logo
Metro Vaartha
www.metrovaartha.com