

അമേരിക്കന്‍ ഗോള്‍ഡ് കാര്‍ഡ് പദ്ധതി വേഗത്തിലാക്കി ഇമിഗ്രേഷന്‍ വകുപ്പ്
file photo
വാഷിങ്ടൺ: സമ്പന്നരായ ആളുകൾക്ക് വൻ തുക മുടക്കിയാൽ അമെരിക്കയിൽ അതിവേഗം സ്ഥിരതാമസം ഉറപ്പാക്കാനുള്ള ഗോൾഡ് കാർഡ് പദ്ധതി നടപടികൾ വേഗത്തിലാക്കുന്നു. ഇതിന്‍റെ ഭാഗമായി ഗോൾഡ് കാർഡിന്‍റെ അപേക്ഷാ ഫോമായ ഐ-140 ജിയുടെ കരട് രൂപം സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പരിശോധനയ്ക്കായി സമർപ്പിച്ചു.
പ്രസിഡന്‍റ് ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഓഫീസിനു കീഴിലുള്ള മാനെജ്മെന്‍റ് ആൻഡ് ബജറ്റ് ഓഫീസിലാണ് പരിശോധനയ്ക്കായി അയച്ചത്. ഗോൾഡ് കാർഡിനായി അപേക്ഷിക്കുന്നവർ ഒരു മില്യൺ അമെരിക്കൻ ഡോളറാണ് യുഎസ് ട്രഷറിയിൽ അടയ്ക്കേണ്ടത്.
ഗോൾഡ് കാർഡ് അപേക്ഷകർക്ക് അമെരിക്കയിൽ സ്ഥിരതാമസത്തിന് യോഗ്യത ഉണ്ടായിരിക്കണം. അമെരിക്കയിലേയ്ക്ക് പ്രവേശിക്കാൻ അനുവാദമുള്ളവരും ആയിരിക്കണം. അപേക്ഷകർക്ക് ഇബി-1 അല്ലെങ്കിൽ ഇബി-2 വിസ വിഭാഗത്തിലാകും സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കുക. ഇതു സംബന്ധിച്ച് ഡിപ്പാർട്ട്മെന്‍റ് ഒഫ് ഹോം ലാൻഡ് സെക്യൂരിറ്റി ആണ് തീരുമാനം എടുക്കുക.