നിജ്ജർ വധക്കേസിൽ നിർണായക വഴിത്തിരിവ്: കൊല്ലാൻ കാരണം ലഹരി കടത്തിയതെന്ന് ഗോൾഡി ബ്രാർ; ശബ്ദരേഖ പുറത്ത്

യുവാക്കളെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തിയതിനാണ് ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറെ വധിച്ചതെന്ന് ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഗോൾഡി ബ്രാറിന്‍റെ വെളിപ്പെടുത്തൽ.
Killed Nijjar for drugs trafficking, Gold Brar

ഹർദീപ് സിങ് നിജ്ജർ | ഗോൾഡി ബ്രാർ

Updated on

ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറുടെ വധത്തിന് പിന്നിൽ താനും കൂട്ടാളികളുമാണെന്ന് അവകാശപ്പെടുന്ന കുപ്രസിദ്ധ ഗ്യാങ്സ്റ്റർ ഗോൾഡി ബ്രാറിന്‍റെ ശബ്ദരേഖ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഖാലിസ്ഥാൻ വിഘടനവാദി പരവന്ത് സിങ് പമ്മയുമായി ഗോൾഡി ബ്രാർ സംസാരിക്കുന്നതിന്‍റേതാണ് ഈ ഓഡിയോ ക്ലിപ്പ്. എന്നാൽ, ഇതിന്‍റെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

യുവാക്കളെ മയക്കുമരുന്ന് മാഫിയയിലേക്ക് തള്ളിവിടാനും ഇൻഫോർമർമാരായി പ്രവർത്തിപ്പിക്കാനും നിജ്ജർ നിർബന്ധിച്ചുവെന്നും, ഇതിനുള്ള ശിക്ഷയായാണ് കൊലപാതകം നടത്തിയതെന്നും ശബ്ദരേഖയിൽ പറയുന്നു.

2023 ജൂൺ 18-ന് കാനഡയിലെ സുറെയിലുള്ള ഗുരുദ്വാരയ്ക്ക് പുറത്തുവെച്ചാണ് നിജ്ജർ വെടിയേറ്റു മരിച്ചത്. കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജന്‍റുമാരാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ കടുത്ത നയതന്ത്ര തർക്കം ഉടലെടുത്തിരുന്നു. ഇന്ത്യ ഈ ആരോപണം പൂർണമായി നിഷേധിച്ചിരുന്നതാണ്.

കൊലപാതകത്തിൽ ഇന്ത്യൻ അധികൃതർക്ക് പങ്കുള്ളതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ഇതിനിടെ, ലോറൻസ് ബിഷ്‌ണോയ് ഗ്യാങ്ങുമായി ബന്ധമുള്ള ഗോൾഡി ബ്രാറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ 50,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നിജ്ജറിനെ വധിക്കാൻ ഉത്തരവിട്ടത് ബിഷ്‌ണോയ് ആണെന്ന് യുഎസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലും വ്യക്തമാക്കുന്നു.

പഞ്ചാബിലെ ഫരീദ്‌കോട്ട് സ്വദേശിയായ സതീന്ദർജീത് സിങ് എന്ന ഗോൾഡി ബ്രാർ 2017-ൽ സ്റ്റുഡന്‍റ് വിസയിലാണ് കാനഡയിലെത്തിയത്. 2022 മേയിൽ പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയെ വെടിവെച്ചു കൊന്ന കേസിന്‍റെ ആസൂത്രകനും ഇയാളാണ്.

ഇന്ത്യൻ സുരക്ഷാ ഏജൻസികൾ നിരോധിത സംഘടനയായ 'ബബ്ബർ ഖൽസ ഇന്‍റർനാഷണലുമായി' ഇയാളെ ബന്ധപ്പെടുത്തുന്നുണ്ട്. റെഡ് കോർണർ നോട്ടീസും ലുക്കൗട്ട് സർക്കുലറും നിലവിലുള്ള ഇയാളെ കേന്ദ്ര സർക്കാർ UAPA നിയമപ്രകാരം ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com