
അഞ്ച് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട സർക്കോസി പാരീസ് ജയിലിലേക്ക് പ്രവേശിക്കുന്നു
Credit: Benjamin Girette/Le Monde
പാരീസ്: 2007ലെ ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ലിബിയൻ ധനസഹായം നേടാനുള്ള പദ്ധതിയിൽ ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ഫ്രാൻസിന്‍റെ മുൻ പ്രസിഡന്‍റ് നിക്കൊളാസ് സർക്കോസിക്ക് ഒക്റ്റോബർ 21 മുതൽ ജയിൽ ശിക്ഷ. രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം ജയിലിൽ അടയ്ക്കപ്പെട്ട നാസി സഹകരണ രാഷ്ട്രത്തലവൻ ഫിലിപ്പ് പെറൈറ്റ്സിനു ശേഷം തടവിലാക്കപ്പെടുന്ന ആദ്യത്തെ ഫ്രഞ്ച് നേതാവാണ് സർക്കോസി.
70കാരനായ അദ്ദേഹത്തെ പാരീസിലെ ലാ സാന്‍റെ ജയിലിലേക്ക് മാറ്റി. ജയിലിലേക്ക് കൊണ്ടു പോകുമ്പോൾ താൻ നിരപരാധിയാണ് എന്ന് അദ്ദേഹം പറഞ്ഞു. 2007-12 കാലത്ത് ഫ്രാൻസിന്‍റെ വലതുപക്ഷ നേതാവായിരുന്ന സർക്കോസിക്ക് വേണ്ടി അദ്ദേഹത്തിന്‍റെ സഹായികൾ 2005ൽ ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുമായി 2007ലെ അദ്ദേഹത്തിന്‍റെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിജയത്തിന് നിയമവിരുദ്ധമായി ലിബിയയിൽ നിന്നും ധനസഹായം ലഭിക്കുന്നതിനായി ഒരു കരാർ ഉണ്ടാക്കി.
സർക്കോസിയുടെ വരവിന് മുമ്പ്, പാരീസിലെ ലാ സാന്റെ ജയിൽ.
Camille Şihnioğlu/Le Monde
ലിബിയൻ കേസ് എന്നാണ് ഇത് വിളിക്കപ്പെടുന്നത്. ലിബിയൻ പൊതുഫണ്ട് ദുരുപയോഗം ചെയ്തതിനും നിഷ്ക്രിയ അഴിമതിക്കും ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തിന് നിയമവിരുദ്ധമായി ധനസഹായം നേടിയതിനുമാണ് സർക്കോസി ജയിലിലായത്. ഇതു കൂടാതെ 1988ൽ സ്കോട്ട്ലന്‍ഡിലെ ലോക്കർബിയിൽ ഒരു പാസഞ്ചർ ജെറ്റ് ബോംബിട്ട് തകർത്തതിനും 1989ൽ നൈജറിനു മുകളിലൂടെ മറ്റൊരു ജെറ്റ് ബോംബിട്ട് തകർത്തതിനും ട്രിപ്പോളിക്കെതിരെ കുറ്റാരോപണം ഉണ്ടായപ്പോൾ സക്കോർസി ഗദ്ദാഫിയുടെ അന്താരാഷ്ട്ര പ്രതിച്ഛായ വീണ്ടെടുക്കാൻ സഹായം വാഗ്ദാനം ചെയ്തതായും കുറ്റാന്വേഷകർ വിശ്വസിക്കുന്നു. 2012ലെ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് ഇതിനു മുമ്പും വ്യത്യസ്തങ്ങളായ രണ്ടു കേസുകളിൽ അദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ഒരു കേസിൽ ശിക്ഷിക്കപ്പെട്ടു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് മുമ്പ് ലഭിച്ച ഫ്രാൻസിന്‍റെ പരമോന്നത ബഹുമതിയായ ലെജിയൻ ഒഫ് ഓണറിൽ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ മുതൽ സർക്കോസിയുടെ വീടിനു മുന്നിൽ തടിച്ചു കൂടിയ വലതുപക്ഷ അനുയായികൾ അദ്ദേഹത്തിന്‍റെ ഫ്രെയിം ചെയ്ത ഫോട്ടോകൾ ഉയർത്തിപ്പിടിച്ചും അദ്ദേഹത്തിന്‍റെ ഭാര്യയും ഗായികയുമായ കാർല ബ്രൂണിയെ കെട്ടിപ്പിടിച്ചു നിലവിളിച്ചും ഫ്രഞ്ച് ദേശീയഗാനമാലപിച്ചുമാണ് അദ്ദേഹത്തെ ജയിലേല്ക്ക് യാത്രയാക്കിയത്. ജയിലിലെ ഏകാന്ത തടവു വിഭാഗത്തിലെ ഒമ്പതു ചതുരശ്ര മീറ്റർ സെല്ലിലായിരിക്കും അദ്ദേഹത്തെ പാർപ്പിക്കുക. ഏകാന്ത തടവിൽ തടവുകാർക്ക് ഒരു ദിവസം ഒറ്റയ്ക്ക് ഒരു ചെറിയ മുറ്റത്ത് അവരുടെ സെല്ലുകളിൽ നിന്ന് ഒരു തവണ നടക്കാൻ അനുമതിയുണ്ട്.