
ചെങ്കടൽ മേഖലയിൽ ഹൂതി വിമതരുടെ ആക്രമണം
gettty image
ചെങ്കടൽ മേഖലയിൽ ഹൂതി വിമതരുടെ ആക്രമണം തുടരുകയാണ്. ഈ ആക്രമണങ്ങൾ തടയാനായി പല ചരക്കു കപ്പലുകളും ദൃശ്യമായ സന്ദേശങ്ങൾ ഉപയോഗിച്ച് ജീവനക്കാരുടെ മതം വെളിപ്പെടുത്തുന്നുണ്ട്. "എല്ലാ ജീവനക്കാരും മുസ്ലിംകളാണ്", "എല്ലാ ജീവനക്കാരും ചൈനക്കാരാണ്", "ഇസ്രയേലുമായി ഈ കമ്പനിക്ക് ബന്ധമില്ല..." ഇങ്ങനെ പോകുന്നു സന്ദേശങ്ങൾ.
ഇറാന്‍റെ പിന്തുണയുള്ള ഹൂതികൾ ഇസ്രയേലുമായി ബന്ധമുള്ള ചരക്ക് കപ്പലുകൾ ലക്ഷ്യമാക്കി ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഈ ആഴ്ച മാത്രം ഇസ്രയേലിലേയ്ക്കു പോയ രണ്ടു ചരക്കു കപ്പലുകൾ ഹൂതികൾ ആക്രമിച്ചിരുന്നു. ഗാസയിലെ സംഘർഷത്തിൽ പലസ്തീനിയൻമാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഹൂതികൾ പറയുന്നത്. ഹൂതി നേതാവ് അബ്ദുൾ മാലിക് അൽ ഹൂതി ഇസ്രയേലുമായി ബന്ധമുള്ള കപ്പൽ കമ്പനികളെ നശിപ്പിക്കുമെന്ന് വീണ്ടും ആവർത്തിച്ചു.
ഹൂതികളുടെ ഭീഷണിക്ക് പ്രതികരിക്കാനായി കപ്പൽ കമ്പനികൾ ഓട്ടോമാറ്റിക് ഐഡന്‍റിഫിക്കേഷൻ സിസ്റ്റത്തിലൂടെ (AIS) സന്ദേശങ്ങൾ ഉപയോഗിക്കുന്നതിനു പുറമേ, ചില കപ്പലുകളാകട്ടെ തങ്ങളുടെ മുൻകാല യാത്രാ ചരിത്രം പോലും മാറ്റുകയാണത്രേ. മുമ്പ് ഇസ്രയേൽ തീരത്ത് നങ്കൂരമിട്ട കപ്പലുകളെ പോലും ഹൂതികൾആക്രമിച്ചിട്ടുള്ളതായും വാർത്തകളുണ്ട്. ഹൂതികളുടെ പ്രത്യേക രഹസ്യാന്വേഷണ സംവിധാനങ്ങൾ വഴിയാണ് അവർ ഇതു കണ്ടെത്തുന്നത് എന്നു വിദഗ്ധർ അനുമാനിക്കുന്നു.
സുരക്ഷാ പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തിയിട്ടും കപ്പൽ കമ്പനികൾക്ക് ഇതു വലിയ വെല്ലുവിളിയായി തുടരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ കഷ്ടിച്ചാണ് കപ്പലുകൾ പലതും രക്ഷപ്പെടുന്നതെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
2024 മാർച്ചിൽ ഹൂതികൾ ചൈനീസ് നിർമിതമായ ഒരു എണ്ണ ടാങ്കറിന്മേൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. റഷ്യൻ കപ്പലുകളും ഹൂതി ആക്രമണത്തിനിരയായിട്ടുണ്ട്.
സുപ്രധാന ശക്തികളുടെ കപ്പലുകൾക്കു നേരെ ആക്രമണം നടത്തില്ലെന്ന് ഉറപ്പു നൽകിയിട്ടാണ് ഹൂതികൾ ഇത്തരം പ്രവർത്തികൾ തുടരുന്നത്.
അടുത്തിടെ ഉണ്ടായ ആക്രമണങ്ങളെ തുടർന്ന് ചെങ്കടൽ മേഖലയിലെ ഇൻഷുറൻസ് ചെലവ് ഇരട്ടിയായി. പ്രശസ്ത ഇൻഷുറൻസ് കമ്പനിയായ ഏയോൺ റിപ്പോർട്ട് ചെയ്യുന്നതു പോലെ ഗാസയിലും ചെങ്കടലിലും ഇപ്പോഴും അപകട സാധ്യത കൂടുതലാണ്. ചില ഇൻഷുറൻസ് സ്ഥാപനങ്ങൾ അപകടം പിടിച്ച റൂട്ടുകളിൽ ഇൻഷുറൻസ് താൽക്കാലികമായി നിർത്തി വച്ചതായും റിപ്പോർട്ടുകളുണ്ട്.