
കുവൈറ്റ് സിറ്റി: അമിത വേഗതയിൽ വാഹനമോടിക്കുന്നവർക്ക് എതിരെ കർശന നടപടിയുമായി കുവൈറ്റ് സിറ്റി. അറുപതു ദിവസത്തേയ്ക്ക് വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഉൾപ്പടെ കർശന നിയമങ്ങളാണ് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്‍റ് നടപ്പിലാക്കി തുടങ്ങിയിരിക്കുന്നത്.
അമിതവേഗതയിൽ ചീറിപ്പാഞ്ഞ് ക്യാമറക്കണ്ണുകളിൽ പതിഞ്ഞ ഡ്രൈവർമാരെ ട്രാഫിക് കൺട്രോൾ വിളിച്ചു വരുത്തി തുടങ്ങി. ട്രാഫിക് എൻഫോഴ്സ്മെന്‍റ് ശക്തിപ്പെടുത്തുന്നതിനും റോഡ് ഉപയോക്താക്കളെ അപകടത്തിലാക്കുന്ന അപകടകരമായ ഡ്രൈവിങ് പെരുമാറ്റങ്ങൾ കുറയ്ക്കുന്നതിനുമുള്ള വകുപ്പിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.
ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വേണ്ടിയാണ് ഈ നിയമം എന്നും അത് കർശനമായി നടപ്പിലാക്കുമെന്നും അധികൃതർ. 2025 ഏപ്രിൽ 22 മുതൽ വേഗപരിധി കവിയുന്ന ഡ്രൈവർമാർക്ക് ഒന്നു മുതൽ മൂന്നു വർഷം വരെ തടവും 600 മുതൽ 1000 കുവൈറ്റി ദിനാർ വരെ പിഴയും ചുമത്തപ്പെടും. അല്ലാത്ത പക്ഷം കേസ് കോടതിയിലേയ്ക്ക് റഫർ ചെയ്യപ്പെടും. കൂടാതെ, റോഡിന്‍റെ വേഗത പരിധിയും ഡ്രൈവറുടെ ലംഘനവും അനുസരിച്ച് 70 മുതൽ 150 ദിനാർ വരെ ആയിരിക്കും പിഴ.