നാറ്റോ മാതൃകയിൽ പാക്കിസ്ഥാൻ - കുവൈറ്റ് സൈനിക സഖ്യം

ഇറാന്‍റെ തുടര്‍ച്ചയായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഇരയായ കുവൈറ്റ് നാറ്റോ മാതൃകയില്‍ പാക്കിസ്ഥാനുമായി പ്രതിരോധ സഹകരണത്തിന് ഒരുങ്ങുന്നു
നാറ്റോ മാതൃകയിൽ പാക്കിസ്ഥാൻ - കുവൈറ്റ് സൈനിക സഖ്യം

സൈനിക പരിശീലനം, രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടല്‍, ലോജിസ്റ്റിക്‌സ്, പ്രതിരോധ സാങ്കേതികവിദ്യ, ഗവേഷണം എന്നിവയിലാണ് കരാര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Updated on

ദുബായ്: യുഎസ്-ഇറാന്‍ സംഘര്‍ഷത്തിനിടെ ഇറാന്‍റെ തുടര്‍ച്ചയായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഇരയായ കുവൈറ്റ് നാറ്റോ മാതൃകയില്‍ പാക്കിസ്ഥാനുമായി പ്രതിരോധ സഹകരണത്തിന് ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുമായി പ്രതിരോധ സഹകരണം ഉറപ്പാക്കുന്ന കരാറില്‍ പാക്കിസ്ഥാന്‍ ഒപ്പുവച്ചിരുന്നു. ഇത് പ്രകാരം സൗദിക്കെതിരേയോ, പാക്കിസ്ഥാനെതിരേയോ ഒരു ആക്രമണം ഉണ്ടായാല്‍ അത് ഇരുരാജ്യങ്ങള്‍ക്കുമെതിരേയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ്.

പാക്കിസ്ഥാനുമായി കുവൈറ്റിന് നിലവില്‍ പ്രതിരോധ സഹകരണമുണ്ട്. എന്നാല്‍ സൗദി അറേബ്യയുമായി പാക്കിസ്ഥാനുള്ള നാറ്റോ മാതൃകയിലുള്ള സഹകരണത്തിനു സമാനമായി വിപുലീകരിക്കാനാണു കുവൈറ്റ് ആഗ്രഹിക്കുന്നത്. 13,000-ത്തിലധികം ഉദ്യോഗസ്ഥരുള്ള കുറഞ്ഞത് മൂന്ന് അമെരിക്കന്‍ സൈനിക താവളങ്ങളെങ്കിലും കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈയൊരു ഘടകമാണ് കുവൈറ്റിനെ ആക്രമിക്കാന്‍ ഇറാനെ പ്രേരിപ്പിക്കുന്ന ഘടകം.

യുഎസ് സേന ഉപയോഗിച്ചിരുന്ന കുവൈറ്റിലെ അലി അല്‍ സലേം വ്യോമതാവളം ആക്രമിച്ചതായി കഴിഞ്ഞ ദിവസം ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചിരുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ വലിയൊരു വിഭാഗം അമെരിക്കന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തതായും ഐആര്‍ജിസി അറിയിച്ചു.

സഖ്യരാജ്യങ്ങളെ ഇറാന്‍റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ അമെരിക്ക പരാജയം നേരിട്ട സാഹചര്യത്തിലാണ് പാക്കിസ്ഥാനുമായി വിപുലമായ പ്രതിരോധ കരാറിലേര്‍പ്പെടാന്‍ കുവൈറ്റ് തീരുമാനിച്ചിരിക്കുന്നത്. പാക്കിസ്ഥാനുമായി കുവൈറ്റ് 2023-ല്‍ ഒപ്പുവെച്ച വിപുലമായ പ്രതിരോധ സഹകരണ കരാറിന് കുവൈറ്റ് ഈ മാസം 26ന് ഔദ്യോഗിക അംഗീകാരം നല്‍കിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതുപ്രകാരം ഇരുരാജ്യങ്ങളുടെയും സായുധ സേനകള്‍ തമ്മിലുള്ള സഹകരണത്തിനുള്ള ഒരു ചട്ടക്കൂട് ഈ കരാര്‍ രൂപപ്പെടുത്തും.

സൈനിക പരിശീലനം, രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടല്‍, ലോജിസ്റ്റിക്‌സ്, പ്രതിരോധ സാങ്കേതികവിദ്യ, ഗവേഷണം എന്നിവയിലാണ് കരാര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com