

ലിയോ പതിനാലാമൻ മാർപ്പാപ്പ
file photo
ജറുസലേം: ലെബനോൻ സമാധാനത്തിന്‍റെ വക്താക്കളാകണമെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ. ലെബനോൻ സന്ദർശനത്തിനിടെയുള്ള സന്ദേശത്തിലാണ് മാർപ്പാപ്പയുടെ ആഹ്വാനം. സമാധാനം എന്നത് കേവലം ഒരു വാക്ക് മാത്രമല്ലെന്നും മറിച്ച് അതൊരു ആഗ്രഹവും വിളിയും ദാനവും പ്രയത്നവും ആണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
സമാധാനം എന്ന ലക്ഷ്യം കൈവരിക്കാനായി സാധാരണക്കാരെ സഹായിക്കാൻ കടമയുണ്ടെന്ന് പറഞ്ഞ പാപ്പാ ഈ സമാധാനമാണ് യഥാർഥ ആനന്ദം കൊണ്ടു വരുന്നതെന്നും കൂട്ടിച്ചേർത്തു. ലെബനോനിലെ പ്രകൃതി സൗന്ദര്യത്തിനും സാംസ്കാരിക സമ്പത്തിനും പുറമേ, ജനതയുടെ ധീരതയെയും പാപ്പാ പുകഴ്ത്തി. ഭയം കൂടാതെ ദൃഢതയോടെ സമാധാനം കെട്ടിപ്പടുക്കുന്നതിനും സ്ഥിരോത്സാഹത്തോടെ ജീവൻ സംരക്ഷിക്കാനും വളർത്താനും പാപ്പാ ആഹ്വാനം ചെയ്തു.
വൈവിധ്യമാർന്ന ലെബനോൻ ഒരു പൊതു ഭാഷയാൽ ഐക്യപ്പെടുന്നു എന്നു ചൂണ്ടിക്കാണിച്ച പാപ്പാ ,അത് പ്രത്യാശയുടെ ഭാഷയാണെന്നും അത് എല്ലായ്പോഴും പുതുക്കണമെന്നും കൂട്ടിച്ചേർത്തു.കൊല്ലുന്ന ഒരു സമ്പദ് വ്യവസ്ഥയുടെ പ്രത്യാഘാതങ്ങളിൽ ഏറെ കഷ്ടതകൾ സഹിച്ച ജനതയാണ് ലെബനോൻ ജനതയെന്നതും എടുത്തു പറഞ്ഞ പാപ്പാ അവയിൽ നിന്നെല്ലാം ഉയിർത്തെഴുന്നേൽക്കാനുള്ള ജനതയുടെ ഇച്ഛാശക്തിയെയും അഭിനന്ദിച്ചു.
ഒരു രാജ്യത്തിന്‍റെ മുഴുവൻ സ്വപ്നങ്ങളും അഭിലാഷങ്ങളും രൂപപ്പെടുത്താൻ കഴിവുള്ള യുവതലമുറ ഉൾക്കൊള്ളുന്ന സജീവവും സുസംഘടിതവുമായ ഒരു സമൂഹമാണ് ലെബനോനെന്നും അതിനാൽ രാഷ്ട്ര ഭരണാധികാരികൾ ആളുകളിൽ നിന്ന് വേർപിരിയരുതെന്നും മറിച്ച് അവരുടെ സേവനത്തിൽ എപ്പോഴും പ്രതിബദ്ധതയോടും അർപ്പണ ബോധത്തോടും കൂടി ഇടപെടണമെന്നും ആഹ്വാനം ചെയ്തു.