റഷ്യൻ ഉപരോധ ബില്ലിൽ ഒപ്പു വച്ച് ട്രംപ്

വിട്ടു കൊടുക്കാതെ ഇന്ത്യ
 Trump signs Russian sanctions bill

റഷ്യൻ ഉപരോധ ബില്ലിൽ ഒപ്പു വച്ച് ട്രംപ്

Updated on

റഷ്യൻ എണ്ണ-വാതക ഉപഭോക്താക്കൾക്കു മേൽ നൂറു ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ അധികാരം നൽകുന്ന നിയമം പാസാക്കി യുഎസ്. ട്രംപ് റഷ്യൻ ഉപരോധ ബില്ലിൽ ഒപ്പു വച്ചിട്ടും ഇന്ത്യ പ്രതികരിച്ചിട്ടില്ല. എന്നാൽ പ്രവർത്തനം കുറച്ചിട്ടുമില്ല.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് സെനറ്റ് അംഗീകരിച്ച ലിൻഡ്സി ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ് 2026 എന്ന ബിൽ 159-നെതിരെ 262 വോട്ടുകൾക്ക് യുഎസ് ജനപ്രതിനിധി സഭ പാസാക്കിയത്. ഇപ്പോൾ പ്രസിഡന്‍റ് ട്രംപ് അതിൽ ഒപ്പു വച്ചതോടെ അത് ഔദ്യോഗിക നിയമമായി മാറിക്കഴിഞ്ഞു. ഈ നിയമം ഉന്നം വയ്ക്കുന്നതു തന്നെ റഷ്യൻ ക്രൂഡോയിലിന്‍റെ ഏറ്റവും വലിയ ഉപയോക്താക്കളായ ചൈനയെയും ഇന്ത്യയെയുമാണ് എന്നത് പകൽ പോലെ വ്യക്തം.

ഈ ബിൽ പാസായ ശേഷം യുഎസ് സെനറ്റർ റിച്ചാർഡ് ബ്ലൂമെൻതാൾ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരേ ആഞ്ഞടിക്കുന്നതും കണ്ടു. ഇന്ത്യയും ചൈനയും കൈയിലിരിപ്പ് നേരേയാക്കണമെന്നും മറ്റെവിടെയെങ്കിലും നിന്ന് എണ്ണയും വാതകവും വാങ്ങുകയും വേണമെന്നുമാണ് ബ്ലൂമെൻതാൾ തുറന്നടിച്ചത്. ബിൽ തയാറാക്കിയതിൽ അന്തരിച്ച ലിൻഡ്സി ഗ്രഹാമിനൊപ്പം പ്രവർത്തിച്ച സെനറ്ററാണ് ബ്ലൂമെൻതാൾ.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ഭീഷണി വളരെ ഗൗരവമേറിയതാണ്. 2026 ജൂലൈയിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഏകദേശം 52 ശതമാനവും റഷ്യയിൽ നിന്നായിരുന്നു.ലോകത്തെ എണ്ണക്കടത്തിന്റെ 20 ശതമാനം കടന്നു പോയിരുന്ന ഹോർമൂസ് കടലിടുക്കിൽ ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധി ഒരു പരിധിവരെ നിയന്ത്രണാധീനമായപ്പോഴാണ് ഹൂതികളുടെ ആക്രമണം കാരണം ചെങ്കടലിലെ ബാബ് അൽ മാന്തെബ് വഴിയുള്ള ചരക്കുകടത്ത് പ്രതിസന്ധിയിലായത്. ഇതിനുമുകളിലാണ് അമേരിക്കയുടെ 100 ശതമാനം തീരുവ ഭീഷണി.

എന്നാൽ ട്രംപിന്‍റെ തീരുവ യുദ്ധത്തെക്കാൾ ഇന്ത്യയ്ക്കു മുഖ്യം 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയാണെന്നും അത് ഉറപ്പാൻ പ്രതിജ്ഞാബദ്ധമായ രാജ്യം വിപണിയുടെ ഗതിവിഗതികൾക്ക് അനുസരണം വിവിധ മാർഗങ്ങളിലൂടെ തുടർന്നും എണ്ണ വാങ്ങുമെന്നുമാണ് സംശയലേശമെന്യേ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ നിയമം മൂലം ദ്വിതീയ തീരുവകളോ നിർബന്ധിത നടപടികളോ ഇന്ത്യയ്ക്കെതിരേ ഉണ്ടായാൽ ഇന്ത്യയെ മാത്രമല്ല വ്യാപാരക്കരാർ അടക്കം യുഎസുമായുള്ള വിശാലമായ ബന്ധത്തെയും ബാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിക്കഴിഞ്ഞു.

ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് അമെരിക്ക. ഇക്കഴിഞ്ഞ 2025-26 വർഷം നടത്തിയ വ്യാപാരം മാത്രം 140 ബില്യൻ ഡോളറിലധികമാണ്. ഇതിൽ 87 ബില്യനും കയറ്റുമതിയായിരുന്നു. 34 ബില്യൻ ഡോളറിന്‍റെ വ്യാപാരമിച്ചം ആണ് ഉള്ളത്. ഈ കണക്കുകൾ രാജ്യത്തിന് അവഗണിക്കാനാവില്ല. അതിനാൽ പ്രായോഗികമായ പരിഹാരങ്ങൾക്കാവും ഇന്ത്യ ശ്രമിക്കുക. അതേസമയം, അമേരിക്കൻ സമ്മർദ്ദത്തിനു വഴങ്ങി റഷ്യൻ എണ്ണയുടെ ഇറക്കുമതി ഇന്ത്യ പൂർണമായി നിർത്തിയാൽ പകരം മറ്റ് രാജ്യങ്ങളിൽനിന്ന് ഇന്ധനം കണ്ടെത്തുന്നത് ഇന്ത്യൻ സമ്പദ് വ്യ വസ്ഥയ്ക്ക് വൻ തിരിച്ചടിയുണ്ടാക്കും എന്നതും മറക്കാനാകില്ല.

സൗജന്യനിരക്കിൽ ലഭിക്കുന്ന റഷ്യൻ ക്രൂഡ് സംസ്കരിക്കാൻ പാകത്തിലാണ് ഇന്ത്യൻ റിഫൈനറികൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. പെട്ടെന്നൊരു മാറ്റം സംഭവിച്ചാൽ ശുദ്ധീകരണച്ചെലവും കടത്തുകൂലിയും വൻതോതിൽ വർധിക്കും. അത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിച്ചെലവിൽ പ്രതിവർഷം പതിനായിക്കണക്കിന് കോടിരൂപയുടെ വർധനവുണ്ടാക്കും. മാത്രമല്ല, പ്രതിദിനം രണ്ടു ദശലക്ഷത്തോളം ബാരൽ എണ്ണയ്ക്കായി ഇന്ത്യ മറ്റു രാജ്യങ്ങളെ സമീപിക്കുമ്പോൾ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരും. ഇന്ധനവില വർധിക്കുന്നത് രാജ്യത്ത് പണപ്പെരുപ്പത്തിനും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകും. കറന്‍റ് അക്കൗണ്ട് കമ്മി വർധിക്കും. അതു കൊണ്ടു തന്നെ റഷ്യൻ എണ്ണ ഇറക്കുമതി പൂർണമായും നിർത്തുന്നത് ഇന്ത്യയ്ക്ക് അത്ര അഭികാമ്യമായിരിക്കില്ല.

ഇന്ത്യൻ നയതന്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഈ അമേരിക്കൻ രീതി പുതിയതല്ല. റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങുന്നത് മോസ്കോയുടെ യുദ്ധത്തിന് സാമ്പത്തികസഹായമാണെന്നും അതവസാനിപ്പിക്കണമെന്നും ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ എഴുതിയപ്പോൾ, അമേരിക്കയും യൂറോപ്യൻ യൂണിയനും മറ്റു പല മേഖലകളിലും റഷ്യയുമായി സാമ്പത്തികബന്ധം തുടരുമ്പോൾ തങ്ങളെമാത്രം അന്യായമായി ലക്ഷ്യമിടുകയാണെന്ന് ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു.

റഷ്യൻ ഊർജം വാങ്ങുന്നവർക്ക് അധികത്തീരുവ ഭീഷണിപ്പെടുത്തുന്ന അതേ നിയമത്തിൽ ചില സിവിലിയൻ ആണവ സഹകരണത്തിനും റഷ്യയിൽനിന്നുള്ള യുറേനിയം ഇറക്കുമതിക്കും ഇളവും നൽകിയിട്ടുണ്ട് എന്നതും വിസ്മരിക്കാനാകില്ല. പുടിൻ തന്നെ പരസ്യമാക്കിയ വിവരമാണിത്.

2025-ലെ വിവരങ്ങൾ പ്രകാരം അമേരിക്കൻ സിവിലിയൻ ആണവ ഓപ്പറേറ്റർമാർക്ക് റഷ്യ ഗണ്യമായ അളവിൽ സമ്പുഷ്ടീകരണ സേവനം നൽകിയിരുന്നു. വിശാലമായ തോതിലെ ഉപരോധങ്ങൾ നിലനിൽക്കുമ്പോഴായിരുന്നു ഇത് എന്നതും ഓർക്കണം.

യുദ്ധമുണ്ടാക്കിയത് ഇന്ത്യയല്ല, തങ്ങൾ ഭാഗമല്ലാത്ത പാശ്ചാത്യ ഉപരോധങ്ങൾ പാലിക്കാൻ ബാധ്യതയില്ല, 140 കോടി ജനങ്ങളുടെ ധനക്കമ്മി കുറയ്ക്കാനും വിലക്കയറ്റം തടയാനും സഹായിക്കുന്ന സൗജന്യനിരക്കിലെ ഊർജം വാങ്ങിയതിന് ആരോടും ക്ഷമ ചോദിക്കാൻ ഉദ്ദേശ്യമില്ല എന്ന ശക്തമായ പ്രതികരണമാണ് ഇന്ത്യ തുടർച്ചയായി പിന്തുടരുന്നത്.

ട്രംപിന്‍റെ തീരുവ യുദ്ധത്തിനു മുന്നിൽ കീഴടങ്ങാതെ, വാക്പോരിനു മുതിരാതെ ഇന്ധന സ്രോതസുകൾ വൈവിധ്യവത്കരിക്കുന്ന ഇന്ത്യയെയാണ് ഇക്കഴിഞ്ഞ ഒന്നര വർഷത്തിനിടെ ലോകം കണ്ടത്. നിലവിൽ ഏതാണ്ട് നാൽപതോളം രാജ്യങ്ങളിൽ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. അതു കൊണ്ടു തന്നെ അത്ര പെട്ടെന്നൊന്നും ഇന്ത്യയെ ഇന്ധനക്ഷാമത്തിലേയ്ക്കു തള്ളിയിടാൻ ആർക്കും സാധിക്കില്ല.

അമെരിക്കയടക്കം ഏതൊരു രാജ്യത്തു നിന്നും ഉണ്ടാകുന്ന ഏതു സമ്മർദ്ദത്തെയും പ്രതിരോധിക്കാൻ സഹായകമായ നാൽപതോളം സ്വതന്ത്ര വ്യാപാരക്കരാറുകളിലാണ് ഇന്ത്യ ഇപ്പോൾ ഒപ്പു വച്ചിരിക്കുന്നത്. അമെരിക്കയുമായുള്ള വ്യാപാരക്കരാറാകട്ടെ ഇപ്പോഴും നടന്നിട്ടില്ല. ഇന്ത്യയോടുള്ള റഷ്യൻ ഉപരോധവും ഇന്ത്യൻ കാർഷിക വിപണി അമെരിക്കൻ ഇറക്കുമതിക്കു തുറന്നു നൽകണമെന്ന ആവശ്യവും ഇന്ത്യ നിരാകരിച്ചതാണ് മുഖ്യ തടസം.

logo
Metro Vaartha
www.metrovaartha.com