യുഎസിൽ മലയാളി നഴ്‌സിന്‍റെ കൊലപാതകം: ഭര്‍ത്താവിന് ജീവപര്യന്തം

ഫിലിപ്പ് മാത്യു ഭാര്യ മെറിന്‍ ജോയിയെ കുത്തിവീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തുകയായിരുന്നു
മെറിൻ ജോയ്, ഫിലിപ്പ് മാത്യു.
മെറിൻ ജോയ്, ഫിലിപ്പ് മാത്യു.File photo

സൗത്ത് ഫ്ളോറിഡ: അമെരിക്കയിലെ സൗത്ത് ഫ്ളോറിഡയിൽ മലയാളി നഴ്സിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനു ജീവപര്യന്തം തടവ് ശിക്ഷ. ചങ്ങനാശേരി സ്വദേശി ഫിലിപ്പ് മാത്യു(37)വിനെയാണു ഫ്ളോറിഡയിലെ കോടതി ജീവപര്യന്തത്തിനു ശിക്ഷിച്ചത്. അമെരിക്കയിൽ ജീവപര്യന്തം ശിക്ഷ മരണം വരെയായതിനാൽ ഇനിയുള്ള കാലം പ്രതി ഫിലിപ്പ് മാത്യു ജയിലിൽ കഴിയേണ്ടി വരും. പരോളില്ലാത്ത ജീവപര്യന്തം ശിക്ഷയാണെന്നും കോടതി വ്യക്താക്കിയിട്ടുണ്ട്.

2020 ജൂലൈ 28നാണ് കേസിനാസ്പദമായ സംഭവം. ഫിലിപ്പ് മാത്യു ഭാര്യ മെറിന്‍ ജോയിയെ (27) കുത്തിവീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. മെറിൻ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയതിനു പിന്നാലെ തടഞ്ഞു നിർത്തി കൊലപ്പെടുത്തുകയായിരുന്നു. പതിനേഴോളം തവണയാണ് മെറിനു കുത്തേറ്റത്. മരണം ഉറപ്പാക്കാനായി മെറിന്‍റെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ ശേഷം സംഭവസ്ഥലത്തു നിന്നു രക്ഷപെട്ടു. തുടർന്ന് മെറിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിവീഴ്ത്തിയതും കാര്‍ കയറ്റിയതും ഭര്‍ത്താവ് ഫിലിപ്പ് മാത്യുവാണെന്ന് മെറിന്‍ മരണമൊഴി നല്‍കിയിരുന്നു. മെറിൻ കൊല്ലപ്പെടുമ്പോൾ ഏകമകൾ നോറയ്ക്ക് രണ്ടര വയസായിരുന്നു പ്രായം.

മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ ജോയ്- മേഴ്‌സി ദമ്പതികളുടെ മകളായ മെറിന്‍ സൗത്ത് ഫ്‌ളോറിഡയിലെ കോറല്‍ സ്പ്രിങ്‌സിലുള്ള ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു. മെറിനും ഫിലിപ്പും ഏറെനാളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ മെറിനെ തേടിയെത്തിയത്. ഫിലിപ്പ് മെറിനെ നിരന്തരം മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹപ്രവര്‍ത്തകരും മൊഴി നല്‍കി. മെറിനെയും കുഞ്ഞിനെയും കൊല്ലുമെന്നായിരുന്നു ഭീഷണി.

അതേസമയം കേസിന്‍റെ വിസ്താര സമയത്ത് ഫിലിപ്പ് മാത്യു കുറ്റം സമ്മതിച്ചു. ഭാര്യയെ മാരകായുധം കൊണ്ട് കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയത് കോടതിയില്‍ ചോദ്യം ചെയ്തില്ല. ഇതോടെ ഫിലിപ്പിനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി. ശിക്ഷാവിധി സ്വാഗതം ചെയ്ത് മെറിന്‍റെ കുടുംബം പ്രതികരണം അറിയിച്ചു. മെറിന്‍റെ കൊലയാളി ഇനിയുള്ള കാലം ജയിലില്‍ തുടരുമെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പ്രതികരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com