
സിസ്റ്റൈൻ ചാപ്പലിൽനിന്ന് വെളുത്ത പുക ഉയരുന്നതും കാത്ത് ക്രൈസ്തവ വിശ്വാസം ലോകം
പ്രത്യേക ലേഖകൻ
ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള കർദിനാൾമാരുടെ കോൺക്ലേവ് മേയ് ഏഴിന് വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ തുടങ്ങുകയാണ്. നൂറു ശതമാനം ആത്മീയമായൊരു പ്രക്രിയയാണിതെന്നു വിശ്വസിക്കുന്നത് ഏറ്റവും നിഷ്കളങ്കരായ വിശ്വാസികൾ മാത്രമായിരിക്കും. കാരണം, പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള അണിയറ നീക്കങ്ങളും റോമിൽ സജീവമാണ്. ഡിന്നർ പാർട്ടികളും സ്വകാര്യ കൂടിയാലോചനകളും അടക്കമുള്ള ലോബിയിങ് പ്രവർത്തനങ്ങൾ തകൃതി.
2013ൽ ഇതുപോലെ കോൺക്ലേവിനു മുന്നോടിയായി നടത്തിയ ശക്തമായ ലോബിയിങ്ങാണ് ഹോർഹെ മരിയ ബർഗോഗ്ലിയോ എന്നു പേരായ, അർജന്‍റീനയിൽനിന്നുള്ള പുരോഗമനവാദിയായ ജെസ്യൂട്ടിന്‍റെ സാധ്യതകൾ വർധിപ്പിച്ചത്. ആ കർദിനാൾ ബർഗോഗ്ലിയോയാണ് മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാൻസിസ് ഒന്നാമൻ എന്ന പേരു സ്വീകരിച്ച് സഭയിലെ തീവ്രമായ പരിഷ്കരണ യത്നങ്ങൾക്കു നാന്ദി കുറിച്ചത്. വെസ്റ്റ്മിനിസ്റ്റർ ആർച്ച്ബിഷപ്പായി വിരമിച്ച കർദിനാൾ കോർമാക് മർഫി ഒകോണറുടെ നേതൃത്വത്തിലുള്ള യൂറോപ്യൻ സഭാ നേതാക്കളായിരുന്നു അന്നത്തെ നീക്കത്തിന് ഊർജം പകർന്നത്.
ഇതിൽ അസ്വസ്ഥരായ യാഥാസ്ഥിതിക വിഭാഗം ഇക്കുറി കൂടുതൽ ആസൂത്രിതമായ കരുനീക്കങ്ങളാണ് നടത്തുന്നത്. പലസ്തീനു വേണ്ടി സംസാരിച്ചതും, സ്വവർഗപ്രേമികളെ അംഗീകരിച്ചതും, വത്തിക്കാനിൽ അഭയാർഥികളെ സ്വീകരിച്ചതും, പലസ്തീനു വേണ്ടി ഇസ്രയേലിനെതിരേ സംസാരിച്ചതും ഫ്രാൻസിസ് മാർപാപ്പയോടുള്ള യാഥാസ്ഥിതിക വിഭാഗത്തിന്‍റെ എതിർപ്പ് വർധിക്കാൻ കാരണമായിരുന്നു.
പഴയ കർദിനാൾ ഒകോണറുടെ സ്ഥാനത്ത് കർദിനാൾ വിൻസെന്‍റ് നിക്കോൾസാണ് ഇപ്പോൾ വെസ്റ്റ്മിനിസ്റ്റർ ആർച്ച്ബിഷപ്പ്. എന്നാൽ, താൻ മുൻഗാമിയിൽ നിന്നു വ്യത്യസ്തനാണെന്നും, ആർക്കു വേണ്ടിയും വോട്ട് പിടിക്കാൻ ഇറങ്ങുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം, മാർപാപ്പ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന ലോബിയിങ്ങിനെക്കുറിച്ച് ചില ഉൾക്കാഴ്ചകൾ നൽകാൻ അദ്ദേഹം തയാറായി.
കോൺക്ലേവിൽ പങ്കെടുക്കാനുള്ള കർദിനാൾമാർ വത്തിക്കാനിൽ ഇതിനകം എത്തിക്കഴിഞ്ഞു. കത്തോലിക്കാ സഭയുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, എങ്ങനെയുള്ള മാർപാപ്പയെ തെരഞ്ഞെടുക്കണമെന്നുള്ള ചർച്ചകളിൽ അവർ സജീവമാണ്. 80 വയസിൽ താഴെയുള്ള കർദിനാൾമാർക്കു മാത്രമാണ് മാർപാപ്പ തെരഞ്ഞെടുപ്പിൽ വോട്ടവകാശം. എന്നാൽ, 80 വയസിനു മുകളിലുള്ളവർക്കും ചർച്ചകളിൽ പങ്കെടുക്കാം.
ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി ദുഃഖാചരണം നടത്തുന്ന ഒമ്പതു ദിവസവും ഉച്ചയ്ക്കു ശേഷമുള്ള കുർബാന സമയത്തൊഴികെ മുഴുവൻ സമയവും കർദിനാൾമാർ സ്വതന്ത്രരാണ്. ഒറ്റയ്ക്കും കൂട്ടമായും നടക്കാനിറങ്ങുന്നവരെയും പുറത്തുപോയി ഭക്ഷണം കഴിക്കുന്നവരെയുമൊക്കെ റോമിൽ കാണാം. ഇക്കൂട്ടത്തിൽ നിന്ന് പുതിയ മാർപാപ്പയുടെ ചിത്രം കുറഞ്ഞ പക്ഷം തന്‍റെ മനസിലെങ്കിലും തെളിഞ്ഞു തുടങ്ങിയെന്നാണ് കർദിനാൾ നിക്കോൾസ് അവകാശപ്പെടുന്നത്. വിശ്വാസത്തിന്‍റെ ആഴം മാത്രമല്ല, അതിന്‍റെ സുതാര്യത കൂടി പ്രകടമാക്കാൻ കഴിയുന്ന ഒരാളെയാണ് അടുത്ത മാർപാപ്പയായി വേണ്ടതെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.
കർദിനാൾ വിൻസെന്‍റ് നിക്കോൾസ്
കടുത്ത യാഥാസ്ഥിതികനായിരുന്ന ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പയാണ് നിക്കോൾസിനെ വെസ്റ്റ്മിനിസ്റ്റർ ആർച്ച്ബിഷപ്പായി നിയമിക്കുന്നത്. കർദിനാളാക്കുന്നത് ഉത്പതിഷ്ണുവായിരുന്ന ഫ്രാൻസിസ് മാർപാപ്പയും. ഫ്രാൻസിസിന്‍റെ രീതികൾ, ജോൺ പോൾ രണ്ടാമന്‍റെയും ബനഡിക്റ്റ് പതിനാറാമന്‍റെയും നിലപാടുകളുടെ കൂടി അടിസ്ഥാനത്തിൽ മുന്നോട്ടു കൊണ്ടുപോകുന്നയാളെയാണ് പുതിയ മാർപാപ്പയായി താൻ കാണുന്നതെന്ന് കർദിനാൾ നിക്കോൾസ് വിശദീകരിക്കുന്നു. അതായത്, സഭയിലെ പുരോഗമനവാദികൾക്കും യാഥാസ്ഥിതികവാദികൾക്കും ഒരുപോലെ സ്വീകാര്യനാകുന്ന ഒരു ഒത്തുതീർപ്പ് സ്ഥാനാർഥി എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ഫ്രാൻസിസിന്‍റെ പരിഷ്കരണവാദവും, പാവങ്ങൾക്കും പാർശ്വത്കരിക്കപ്പെട്ടവർക്കും അദ്ദേഹം നൽകിയ പ്രത്യേക പരിഗണനയും, പരിസ്ഥിതിക്കും മനുഷ്യരാശിക്കും നൽകിയ പ്രാധാന്യവും തുടർന്നു പോകേണ്ടതാണെന്ന പക്ഷമാണ് കർദിനാൾ നിക്കോൾസിന്. എന്നാൽ, ഇത്തരം നിലപാടുകൾക്ക് ആഴത്തിൽ വേരോട്ടവും സ്ഥിരതയുമുണ്ടാകാൻ സഭയുടെ വിശ്വാസപരമായ അടിത്തറ കൂടുതൽ ശക്തമാകണമെന്നും അദ്ദേഹം പറയുന്നു.
ഫ്രാൻസിസ് മാർപാപ്പയും കർദിനാൾ കോർമാക് മർഫി ഒകോണറും.
കർദിനാൾ ബർഗോഗ്ലിയോയെ ഫ്രാൻസിസ് മാർപാപ്പയാക്കിയ മർഫി ഒകോണറുടെയും പരിഷ്കരണവാദികളായ മറ്റു കർദിനാൾമാരുടെയും ശ്രമങ്ങളെക്കുറിച്ച് 'ദ ഗ്രേറ്റ് റിഫോർമർ' എന്ന പുസ്തകത്തിൽ ഓസ്റ്റൻ ഐവറീ വിശദീകരിച്ചിട്ടുണ്ട്. സമാനമനസ്കരായ ഈ കർദിനാൾമാർ അറിയപ്പെട്ടിരുന്നത് 'ടീം ബർഗോഗ്ലിയോ' എന്നാണത്രെ. കർദിനാൾ ജോസഫ് റാറ്റ്സിംഗർ, ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പയായി മാറിയ 2005ലെ കോൺക്ലേവിൽ തന്നെ ഇവർ കർദിനാൾ ബർഗോഗ്ലിയോയ്ക്കു വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു. പക്ഷേ, അന്നത്തെ ഉദ്യമം വിജയം കണ്ടില്ല.
2013ലെ കോൺക്ലേവിന്‍റെ സമയത്തേക്ക് ഇവരിൽ പലരും വോട്ട് ചെയ്യാനുള്ള പ്രായപരിധി പിന്നിട്ടിരുന്നു. എന്നാൽ, പഴയ ശ്രമം പുനരുജ്ജീവിപ്പിക്കുന്നതിന് അവർക്ക് ഇതൊന്നും തടസമായില്ല. ആദ്യ ബാലറ്റിൽ തന്നെ ബർഗോഗ്ലിയോയ്ക്ക് 25 വോട്ടെങ്കിലും ഉറപ്പിക്കുക എന്നതായിരുന്നു അവരുടെ ആദ്യ ലക്ഷ്യം. റോമിലെ യുഎസ് സെമിനാരിയായ നോർത്ത് അമെരിക്കൻ കോളെജിൽ നടത്തിയ ഡിന്നർ പാർട്ടിയിൽ വച്ചാണ് ആദ്യ ലാറ്റിനമെരിക്കൻ മാർപാപ്പയാകാനിടയുള്ള കർദിനാൾ ബർഗോഗ്ലിയോയുടെ യോഗ്യതകളെക്കുറിച്ച് മർഫി ഒകോണർ വിശദമായി സംസാരിക്കുന്നത്.
ഇത്തരത്തിൽ നിരവധി വിരുന്ന് സത്കാരങ്ങൾ ഒകോണറുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. എന്നാൽ, ഒകോണറുടെ പിൻഗാമിയായ നിക്കോൾസ് ഇത്തരം താത്പര്യങ്ങളൊന്നും പരസ്യമായി പറയാൻ തത്കാലം തയാറല്ല. രാഷ്ട്രീയ തെരഞ്ഞെടുപ്പ് പോലെ, എന്‍റെ ഭാഗം ജയിക്കണം എന്ന മനസ്ഥിതിയോടെ കോൺക്ലേവിനു പോകുന്നതു നല്ലതല്ലെന്ന അഭിപ്രായമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.