
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പ്രാദേശിക തെരഞ്ഞെടുപ്പുകൾ അനിശ്ചിത കാലത്തേക്ക് മാറ്റി ശ്രീലങ്ക. തെരഞ്ഞെടുപ്പ് ചെലവിലേക്കായി പണം നൽകാൻ പ്രസിഡന്‍റ് വിസമ്മതിച്ചതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റുകയാണെന്നു ശ്രീലങ്കൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്.
മാർച്ച് 9-നാണു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. റിനിൽ വിക്രമസിംഗെ അധികാരമേറ്റതിനു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാൽ പ്രാധാന്യവുമേറെയായിരുന്നു. എന്നാൽ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇലക്ഷൻ മാറ്റിവച്ചു. ഇത്തരമൊരു സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കില്ലെന്നു പ്രസിഡന്‍റ് റിനിൽ വിക്രമസിംഗെ കഴിഞ്ഞദിവസം പാർലമെന്‍റിൽ അറിയിച്ചിരുന്നു.
അതേസമയം സാമ്പത്തിക പ്രതിസന്ധിയെ മറയാക്കി ജനാധിപത്യത്തെ തകർക്കാനാണു പ്രസിഡന്‍റ് ശ്രമിക്കുന്നതെന്നു പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു.