

Trump
വാഷിംഗ്ടൺ: അമെരിക്കയുടെ ചരിത്രത്തിലെ ദൈർഘ്യമേറിയ സർക്കാർ ഷട്ട്ഡൗൺ അവസാനിപ്പിച്ചു കൊണ്ടുള്ള ബിൽ യുഎസ് കോൺഗ്രസ് പാസാക്കി. 43 ദിവസത്തെ അടച്ചുപൂട്ടലിന് ശേഷമാണ് ഖജനാവ് തുറന്നിരിക്കുന്നത്. ട്രംപ് സർക്കാരിന്‍റെ ഭരണസ്തംഭനത്തിന് വഴിവെച്ച ഷട്ട്ഡൗൺ അവസാനിപ്പിക്കാനുളള ബിൽ ഹൗസ് ഓഫ് റപ്രസന്‍റേറ്റീവ്സും പാസാക്കി.
ബില്ലിൽ ട്രംപ് ഒപ്പുവെച്ചതോടെ സർക്കാർ സംവിധാനങ്ങൾ ഉടൻ പ്രവർത്തിച്ചു തുടങ്ങും.
തടസ്സപ്പെട്ട ഭക്ഷ്യസഹായം പുനരാരംഭിക്കാനും, ലക്ഷക്കണക്കിന് ഫെഡറൽ ജീവനക്കാർക്ക് ശമ്പളം നൽകാനും, എയർ ട്രാഫിക് കൺട്രോൾ സംവിധാനം പുനരുജീവിപ്പിക്കാനുമാണ് ബിൽ ലക്ഷ്യമിടുന്നത്. ഷഡ്ടൗൺ മൂലം ജോലി പോയവരെ തിരിച്ചെടുക്കാനും, ഹെൽത്ത് കെയർ ഇൻഷുറൻസ് എടുത്ത ലക്ഷക്കണക്കിന് അമെരിക്കക്കാർക്ക് നികുതി സബ്സിഡി കൊടുക്കാനുളള വ്യവസ്ഥയോടെയാണ് ബിൽ പാസാക്കിയത്. ഡെമോക്രാറ്റുകളുടെ ഈ ആവശ്യങ്ങളെ ട്രംപ് എതിർത്തതാണ് അമെരിക്കയിൽ ഷഡ്ടൗണിന് വഴിവെച്ചത്.
ഇതോടെ അവശ്യസർവീസുകൾ ഒഴികെയുളള സർക്കാർ സംവിധാനങ്ങൾ പൂർണമായും മുടങ്ങി. വ്യോമയാന മേഖലയെയും പ്രതിസന്ധി കാര്യമായി ബാധിച്ചു. ഇതോടെ പല വിമാനസർവീസുകളും വെട്ടിക്കുറക്കേണ്ടി വന്നു. അതേസമയം അടച്ചുപൂട്ടൽ മാറിയതിനെ തുടർന്ന് അമെരിക്കൻ ഓഹരി സൂചികയായ ഡൗ ജോൺസ് റെക്കോർഡ് തകർത്ത് മുന്നേറി. 48,245 ലാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
ചരിത്രത്തിലാദ്യമായാണ് വിപണി 48,000 പോയിന്‍റ് ഭേദിക്കുന്നത്. അമെരിക്കയിലെ അനുകൂല കാലാവസ്ഥ ഏഷ്യൻ ഓഹരി വിപണിയിലും പ്രതിഫലിച്ചു. ബുധനാഴ്ച ഏഷ്യൻ വിപണിയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.