

മാർക്കോ റൂബിയോ
വാഷിങ്ടൺ: ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ 2028ലെ അമെരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ചൂടുപിടിക്കുന്നു. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ റൂബിയോ ഒരുങ്ങുന്നതായി വ്യാഴാഴ്ച ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ റിപ്പോർട്ടുകൾ തള്ളിയ അദ്ദേഹം, ട്രംപ് ഭരണകൂടത്തിന്റെ കാലാവധി അവസാനിക്കുന്നതുവരെ അതിന്റെ ഭാഗമായിരിക്കുമെന്ന് വ്യക്തമാക്കി.
പ്രസിഡന്റ് ട്രംപിനുവേണ്ടി അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നതുവരെ പ്രവർത്തിക്കുകയെന്നത് എല്ലായ്പ്പോഴും തന്റെ പദ്ധതിയായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ റൂബിയോ പറഞ്ഞു. മന്ത്രിസഭയിൽ നിന്ന് ഉടൻ പുറത്തുപോകുമെന്ന റിപ്പോർട്ടുകൾ എവിടെനിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യൻ വംശജനായ കോൺഗ്രസ് അംഗമായ ഡൊമോക്രാറ്റിക് പാർട്ടി നേതാവ് റോ ഖന്നയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. റോ ഖന്നയുടെ സ്ഥാനാർഥിത്വത്തിന് പിന്തുണ നേടുന്നതിനായി മുൻ കോൺഗ്രസ് അംഗം ജമാൽ ബൗമാനും പുരോഗമന രാഷ്ട്രീയ തന്ത്രജ്ഞയായ നൊമിക്കി കോൺസ്റ്റും ചേർന്ന് 'റൺ റോ' എന്ന സംഘടനയ്ക്ക് തുടക്കമിട്ടു. എന്നാൽ ഖന്നയുടെ സ്ഥാനാർഥിത്വത്തിന് മുന്നിലുള്ള വെല്ലുവിളികൾ വലുതാണ്. ജനപ്രതിനിധിസഭാ അംഗമാണ് റോ ഖന്ന. അമെരിക്കൻ ജനപ്രതിനിധിസഭയിൽ നിന്ന് നേരിട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് ഒരാൾ മാത്രമാണ്. 1880ൽ ജെയിംസ് ഗാർഫീൽഡാണ് ഈ നേട്ടം കൈവരിച്ചത്.
അഞ്ചാം തവണയും കോൺഗ്രസ് അംഗമായ ഖന്ന, ജെഫ്രി എപ്സ്റ്റീൻ രേഖകൾ പുറത്തുവിടുന്നതിനും ഇറാനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുമായി നടത്തിയ നീക്കങ്ങളിലൂടെ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.
2020ൽ ബെർണി സാൻഡേഴ്സിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സഹ അധ്യക്ഷനായിരുന്നു ഖന്ന. രാജ്യത്തുടനീളമുള്ള പുരോഗമന രാഷ്ട്രീയ വിഭാഗങ്ങൾക്കിടയിലും അദ്ദേഹത്തിന് പിന്തുണയുണ്ട്.