കത്തുന്നു ലോസ് ഏഞ്ചൽസ്, കരയുന്നു അമെരിക്ക

ലോസ് ഏഞ്ചൽസിൽ ആറോളം പല സ്ഥലങ്ങളിലായി കാട്ടു തീകളിൽ ഏറ്റവും കുറഞ്ഞത് പതിനാറു ജീവനുകൾ കത്തിയെരിഞ്ഞു .
California wildfire
പാലിസേഡ്സ് തീ
Updated on

ശാന്തമായ ദിനരാത്രങ്ങൾ കൊഴിഞ്ഞടരവേ, ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലോസ് ഏഞ്ചൽസിനെതിരെ അഗ്നി യുദ്ധ പ്രഖ്യാപനം നടത്തിയത്. പ്രതികൂല കാലാവസ്ഥ അരങ്ങു തകർത്തതോടെ ലോസ് ഏഞ്ചൽസിൽ ആറോളം പല സ്ഥലങ്ങളിലായി കത്തിപ്പടർന്ന കാട്ടു തീകളിൽ ഏറ്റവും കുറഞ്ഞത് പതിനാറു ജീവനുകൾ കത്തിയെരിഞ്ഞു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. മൂന്നു പേരെ കാണാതായിട്ടുണ്ട്. പന്ത്രണ്ടായിരത്തിലധികം കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയോ പൂർണമായും അവ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

അമെരിക്കയിലെ രണ്ടാമത്തെ വലിയ ജില്ലയാണ് ലോസ് ഏഞ്ചൽസ്. ഇത്തവണ ലോസ് ഏഞ്ചൽസിനെ വിഴുങ്ങിയ കാട്ടു തീകളെ പാലി സേഡ്സ് എന്നാണ് വിളിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, പാലിസേഡ്സ് തീ 1,000 ഏക്കറിൽ കൂടി പടർന്നതായും, കൂടുതൽ വീടുകൾ നശിപ്പിച്ചതായും ഉദ്യോഗസ്ഥ തല റിപ്പോർട്ടുണ്ട്.

കിഴക്കോട്ട് വ്യാപിക്കുന്നത് തടയാൻ വിമാനങ്ങൾ വെള്ളത്തുള്ളികളും അഗ്നിശമന മരുന്നുകളും വർഷിക്കുന്നത് ഇപ്പോഴും തുടരുകയാണ്. വരാനിരിക്കുന്ന കാട്ടു തീ കൂടുതൽ പ്രശ്നകരമാകുമെന്നാണ് ദേശീയ കാലാവസ്ഥാ സേവനം നൽകുന്ന മുന്നറിയിപ്പ്. ലോസ് ഏഞ്ചൽസ്, വെഞ്ചുറ കൗണ്ടികളിൽ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെയും തിങ്കളാഴ്ച വൈകി മുതൽ ചൊവ്വാഴ്ച രാവിലെ വരെയും വീണ്ടും കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ . കാറ്റിന്‍റെ വേഗത മണിക്കൂറിൽ 30 മൈൽ, വേഗത 70 മൈൽ എന്നിങ്ങനെയാകാം. കാലിഫോർണിയയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ തീപിടുത്തത്തിന്‍റെ വ്യാപ്തിയെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് ഗവർണർ ഗാവൻ ന്യൂസം പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. അതിങ്ങനെ :

“ഈറ്റൺ ഫയർ - 14,117 ഏക്കറിൽ 15ശതമാനം, പാലിസേഡ്സ് ഫയർ - 23,654 ഏക്കറിൽ 11ശതമാനം, ഹർസ്റ്റ് ഫയർ - 799 ഏക്കറിൽ 76ശതമാനം, കെന്നത്ത് ഫയർ - 1,052 ഏക്കറിൽ 90 ശതമാനം, ലിഡിയ ഫയർ - 395 ഏക്കറിൽ 100ശതമാനം, ”അദ്ദേഹം പറഞ്ഞു. ലോസ് ഏഞ്ചൽസിൽ ഹോളി വുഡ് സെലിബ്രിറ്റികൾ താമസിക്കുന്ന ഒരു ഉയർന്ന പ്രദേശമാണ് ബ്രെന്‍റ് വുഡ്.അവിടെയും പാലിസേഡ്സ് തീ ദുരന്തം വിതച്ചു. 1,53,000-ത്തിലധികം താമസക്കാരെയും 57,000 കെട്ടിടങ്ങളും ഒഴിപ്പിച്ചു.തീ പിടിത്തം തുടരുന്നതിനാൽ 1,66,000 താമസക്കാരെയും ഒഴിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഭരണകൂടം.

രണ്ടു ദിവസങ്ങൾക്ക് മുമ്പ് ഏകദേശം അര ദശ ലക്ഷത്തിലധികം പേരുണ്ടായിരുന്ന ലോസ് ഏഞ്ചൽസിൽ വൈദ്യുതിയില്ലാതെ ഏകദേശം അമ്പതിനായിരത്തോളം ഉപഭോക്താക്കളാണ് ഇപ്പോഴുള്ളത്. അഗ്നി വിഴുങ്ങിയ തകർന്നടിഞ്ഞ കെട്ടിടങ്ങളിൽ പ്രവേശിക്കാനും തെരച്ചിൽ നടത്താനും അഗ്നി ശമന സേനാംഗങ്ങൾക്ക് ഇപ്പോൾ പൂർണമായും സാധിക്കുന്നില്ല.അതു സാധിച്ചാൽ പാലിസേഡ്സ് തീ വിഴുങ്ങിയ ജീവിതങ്ങളുടെ മരണ സംഖ്യ ഇനിയുമുയരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com