

ട്രക്കിൽ കൊക്കെയ്ൻ: രണ്ട് ഇന്ത്യക്കാർ യുഎസിൽ അറസ്റ്റിൽ
file photo
കാലിഫോർണിയ: മാരക ലഹരിപദാർഥമായ കൊക്കെയ്നുമായി രണ്ട് ഇന്ത്യക്കാരെ യുഎസ് പൊലീസ് പിടികൂടി. 309 പൗണ്ട് കൊക്കെയ്ൻ ആണ് ഇവരിൽ നിന്നു പിടികൂടിയത്. ഗുർപ്രീത് സിങ്(25), ജസ്പ്രീത് സിങ് (30) എന്നിവരാണ് 309 പൗണ്ട് കൊക്കെയ്നുമായി യുഎസിലെ ഇന്ത്യാന പുട്നാം കൗണ്ടിയിൽ പിടിയിൽ ആയത്. യുഎസ് ഇമിഗ്രേഷൻ ആന്‍ഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന ട്രക്കിൽ നിന്നാണ് കൊക്കെയ്ൻ കണ്ടെത്തിയത്.
യുഎസ് ഡിപ്പാർട്ട്മെന്‍റ് ഒഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ആണ് അറസ്റ്റ് വിവരം പുറത്തു വിട്ടത്. കസ്റ്റഡിയിൽ ആയവർ അനധികൃതമായി അമെരിക്കയിൽ താമസിക്കുകയായിരുന്നു. ഇതിൽ ഒരാൾക്ക് മുമ്പ് മോഷ്ടിച്ച വസ്തുക്കൾ കൈവശം വച്ചതിന് കേസുണ്ടായിരുന്നു.
ഇവർ സഞ്ചരിച്ച ലോറിയുടെ സ്ലീപ്പർ ബെർത്തിൽ നിന്നാണ് കൊക്കെയ്ൻ കണ്ടെടുത്തത്. വാഹന പരിശോധനയ്ക്കിടെയാണ് ഇതു കണ്ടെത്തിയത്. ഗുർപ്രീത് സിങ്2023ൽ മാർച്ച് 11 ന് അരിസോണയിലെ ലൂക്ക്വില്ലെ വഴി അനധികൃതമായി യുഎസിൽ പ്രവേശിച്ചതായി ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. താൻ ഇന്ത്യക്കാരൻ ആണെന്നും അനധികൃതമായി യുഎസിൽ താമസിക്കുകയാണെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു.
ജസ്പ്രീത് സിങ് 2017 മാർച്ച് 21 ന് കാലിഫോർണിയയിലെ ഓട്ടേ മെസ വഴി അനധികൃതമായി യുഎസിൽ പ്രവേശിച്ചു. 2025 ഡിസംബർ അഞ്ചിന് കാലിഫോർണിയയിലെ സാൻ ബെർണാഡിനോയിൽ മോഷ്ടിച്ച വസ്തുക്കൾ കൈവശം വച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തു. എങ്കിലും ഇമിഗ്രേഷൻ ആന്‍ഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് ഇയാളെ വിട്ടയച്ചു.