

അക്രമി കോൾ തോമസ് അലൻ
file photo
വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത അത്താഴ വിരുന്ന് ചടങ്ങിനിടെ ഉണ്ടായ വെടിവയ്പ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തായി. അക്രമി കോൾ തോമസ് അലൻ ആക്രമണത്തിനു മുമ്പ് തന്‍റെ കുടുംബത്തിന് അയച്ച സന്ദേശത്തിലാണ് ഇതുള്ളത്. ട്രംപ് ഭരണകൂടത്തിലെ ഉന്നതരെ ലക്ഷ്യമിട്ടാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് വ്യക്തമാകുന്നത്.
ട്രംപ് ഭരണകൂടത്തിലെ ഉന്നതർ മുതൽ താഴെത്തട്ടിലുള്ളവർ വരെ തന്‍റെ ലക്ഷ്യമാണെന്ന് അലൻ കത്തിൽ പറയുന്നു. സ്ഥലത്തെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി അക്രമി കുറിപ്പിൽ പറയുന്നത് താൻ ഇറാനിയൻ ഏജന്‍റായിരുന്നെങ്കിൽ പോലും യന്ത്രത്തോക്കുമായി വിരുന്നു നടക്കുന്നയിടത്ത് പ്രവേശിക്കാൻ കഴിയുമായിരുന്നു എന്നാണ്.
പുറമേ നിന്നുള്ള പ്രതിഷേധക്കാരെ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നതെന്നും നേരത്തെ ഹോട്ടലിൽ മുറിയെടുത്തവരെ ആരും ശ്രദ്ധിക്കുന്നില്ലെന്നും കോൾ തോമസ് അലൻ തന്‍റെ കുറിപ്പിൽ വിശദമാക്കുന്നു.
ബാല പീഡകന്‍റെയും ബലാത്സംഗിയുടെയും രാജ്യദ്രോഹിയുടെയും കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രതി കുറിച്ചു. എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട് ട്രംപിനെതിരേ ഉയർന്ന ആരോപണങ്ങളാണ് ഇവിടെ പരാമർശിക്കപ്പെട്ടതെന്ന് വിലയിരുത്തപ്പെടുന്നു.