ഇമ്രാൻ ഖാന്‍റെ പാർട്ടിയുടെ ഇസ്ലാമബാദ് മാർച്ച്

ആശുപത്രികൾക്ക് മുന്നൊരുക്ക നിർദേശം നൽകി പാക് സർക്കാർ, ആൾനാശമുണ്ടായേക്കുമെന്നു സൂചന
Imran Khan

ഇമ്രാൻ ഖാൻ

Updated on

ഇസ്ലാമബാദ് : മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ് രികെ ഇൻസാഫ്(പിറ്റിഐ) പ്രഖ്യാപിച്ച സെപ്റ്റംബർ 27ലെ ഇസ്ലാമബാദ് മാർച്ചിനു മുന്നോടിയായി ആശുപത്രികൾക്ക് മുന്നൊരുക്ക നിർദേശം നൽകി പാക് സർക്കാർ. വൻ തോതിൽ ആളപായത്തിനും മാനുഷിക പ്രതിസന്ധിക്കും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് സർക്കാർ ആശുപത്രികൾക്ക് പ്രത്യേക നിർദേശം നൽകിയിരിക്കുന്നത്.

നിശ്ചയിച്ചിട്ടുള്ള എല്ലാ ശസ്ത്രക്രിയകളും അനിശ്ചിത കാലത്തേയ്ക്ക് മാറ്റി വയ്ക്കാനും രോഗികളുടെ എണ്ണം വർധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ശസ്ത്രക്രിയാ വിഭാഗങ്ങൾ സജ്ജമാക്കി നിർത്താനും ഇസ്ലാമബാദിലെ ആശുപത്രികൾക്ക് നിർദേശം നൽകി.

Imran Khan's party's Islamabad march

ഇമ്രാൻ ഖാന്‍റെ പാർട്ടിയുടെ ഇസ്ലാമബാദ് മാർച്ച്

അവധിയിൽ ഉള്ള ജീവനക്കാരെ തിരികെ വിളിക്കാനും ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പിറ്റിഐ നേതൃത്വവും തമ്മിൽ ചർച്ചകൾ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് പാക് മാധ്യമങ്ങളുടെ റിപ്പോർട്ട് . സെപ്റ്റംബർ 27ലെ പ്രതിഷേധം ഉപേക്ഷിക്കുകയും ഭാവിയിൽ പ്രതിഷേധങ്ങളോ റോഡ് ഉപരോധങ്ങളോ പൊലീസുമായുള്ള ഏറ്റുമുട്ടലുകളോ നടത്തില്ലെന്ന് ഉറപ്പു നൽകുകയും ചെയ്താൽ പിറ്റിഐയ്ക്ക് ചില ഇളവുകൾ നൽകാൻ സർക്കാർ തയാറാണെന്നാണ് വിവരം.

ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റുന്നതും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ അവസരമൊരുക്കുന്നതും ഉൾപ്പെടെയുള്ള ഇളവുകളാണ് സർക്കാർ മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാൽ സർക്കാരിലുള്ള വിശ്വാസക്കുറവ് ചൂണ്ടിക്കാട്ടി പ്രതിഷേധത്തിൽനിന്ന് പിന്മാറാൻ പിറ്റിഐ നേതാക്കൾ തയ്യാറായിട്ടില്ല. ഇമ്രാൻ ഖാന്‍റെ സഹോദരിമാരെ കസ്റ്റഡിയിൽ എടുത്തതും പുതിയ പ്രതിഷേധങ്ങൾക്ക് കാരണമാണ്. പിറ്റിഐയുടെ പ്രധാന പ്രതിഷേധ റാലി ഖൈബർ പഖ്തൂൺഖ്വയിൽ നിന്നായിരിക്കും ആരംഭിക്കുക.

logo
Metro Vaartha
www.metrovaartha.com