യുഎസ്-ഇറാൻ യുദ്ധത്തിൽ 170 കുട്ടികൾ കൊല്ലപ്പെട്ട സംഭവം

അന്വേഷണം പൂർത്തിയാക്കി പെന്‍റഗൺ, റിപ്പോർട്ട് പുറത്തു വിടുമോ എന്നത് നിർണായകം
170 children killed in US-Iran war Pentagon completes investigation

യുഎസ്-ഇറാൻ യുദ്ധത്തിൽ 170 കുട്ടികൾ കൊല്ലപ്പെട്ട സംഭവം 

അന്വേഷണം പൂർത്തിയാക്കി പെന്‍റഗൺ

Updated on

വാഷിങ്ടൺ: ഇറാനെതിരേ ഫെബ്രുവരി 28ന് അമെരിക്ക നടത്തിയ ആക്രമണത്തിൽ ഒരു സ്കൂളിലെ 170 കുട്ടികൾ മരണപ്പെട്ട സംഭവത്തിൽ പെന്‍റഗണിന്‍റെ അന്വേഷണം പൂർത്തിയായി. എന്നാൽ സ്കൂൾ ആക്രമിക്കാൻ ഇടയായത് അമെരിക്കൻ രഹസ്യാന്വേഷണ വിഭാഗം നൽകിയ തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണോ എന്നത് ഉൾപ്പടെ ഏറെ നിർണായകമായ വിവരങ്ങളാണ് പുറത്തു വരാനുള്ളത്.

എന്നാൽ അന്വേഷണ റിപ്പോർട്ട് പെന്‍റഗൺ പുറത്തു വിടുമോ എന്ന ചോദ്യവും സജീവമാണ്. ഇറാനിലെ പ്രാഥമിക സ്കൂളിനു നേരെയുണ്ടായ അതിശക്തമായ വ്യോമാക്രമണത്തെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് അന്വേഷണവുമായി ബന്ധമുള്ള കേന്ദ്രങ്ങൾ വ്യക്തമാക്കി.

അന്വേഷണ റിപ്പോർട്ട് പുറത്തു വിടാതിരിക്കാനായി ട്രംപ് ഭരണകൂടം റിപ്പോർട്ട് രഹസ്യ രേഖയായി പ്രഖ്യാപിക്കുമോ എന്ന ആശങ്ക അമെരിക്കൻ കോൺഗ്രസിലും പെന്‍റഗണിലും ശക്തമാണന്ന്‍ ഉദ്യോഗസ്ഥർ സൂചന നൽകുന്നു. അമെരിക്കൻ സെൻട്രൽ കമാൻഡിന്‍റെ നേതൃത്വത്തിൽ നടന്ന അന്വേഷണം പൂർത്തിയായി. സ്കൂൾ ആക്രമണത്തെ കുറിച്ച് പ്രസിഡന്‍റ് ട്രംപിനോട് ചോദിച്ചപ്പോൾ പിഴവുകൾ സംഭവിക്കാറുണ്ടെന്നും യുദ്ധം വളരെ ക്രൂരമാണെന്നുമായിരുന്നു ട്രംപിന്‍റെ മറുപടി.

ആക്രമണത്തെ കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും റിപ്പോർട്ട് വ്യാഴാഴ്ച തന്നെ പുറത്തു വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൂടുതൽ വിവരങ്ങൾക്ക് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ സമീപിക്കണമെന്ന് ട്രംപ് നിർദേശിച്ചു.

ഇറാൻ യുദ്ധത്തിന്‍റെ ആദ്യ ദിനമായ ഫെബ്രുവരി 28ന് മിനാബ് നഗരത്തിലെ ഷജാരെ തയ്യബെഹ് പ്രാഥമിക സ്കൂളിന് നേരേയുണ്ടായ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പടെ 170ലധികം പേർ കൊല്ലപ്പെട്ടിരുന്നു. അമെരിക്കൻ സൈന്യം സ്കൂളിനോടു ചേർന്ന പ്രദേശത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു എന്നും അമെരിക്കൻ മിസൈലാണ് സ്കൂളിൽ പതിച്ചതെന്നുമാണ് കണ്ടെത്തിയതെന്നും റിപ്പോർട്ടുകൾ പറ‍യുന്നു.

ആക്രമണം സംബന്ധിച്ച് അന്വേഷണം പൂർത്തിയാക്കാൻ ഏകദേശം നാലുമാസത്തോളമാണ് എടുത്തത്. റിപ്പോർട്ട് രഹസ്യമാക്കി പൊതുജനങ്ങൾക്ക് ലഭ്യമാക്കാതിരിക്കുമോ എന്നാണ് തങ്ങളുടെ ആശങ്കയെന്ന വിമർശനവുമായി ഡെമോക്രാറ്റുകൾ രംഗത്തെത്തി. അവർ റിപ്പോർട്ട് രഹസ്യ രേഖയാക്കാൻ ശ്രമിക്കുമെന്ന് അരിസോണയിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ മാർക്ക് കെല്ലി പറഞ്ഞു.

സെന്‍റ്കോം കമാൻഡർ അഡ്മിറൽ ബ്രാഡ് ലി കൂപ്പർ കഴിഞ്ഞ മാസം അമെരിക്കൻ കോൺഗ്രസിന് മുമ്പാകെ സത്യവാങ്മൂലം നൽകി സംസാരിച്ചപ്പോൾ വ്യക്തമാക്കിയത് അന്വേഷണത്തിൽ നൂറു ശതമാനം സുതാര്യത ഉണ്ടാവുമെന്നായിരുന്നു. മുൻ കാലങ്ങളിൽ സംഭവിച്ച പല അബദ്ധങ്ങളും സംബന്ധിച്ചുള്ള റിപ്പോർട്ടുകളും പെന്‍റഗൺ പുറത്തു വിട്ടിട്ടുണ്ട്.

യെമനിലെ സ്പെഷ്യൽ ഫോഴ്സ് റെയ്ഡ്, നൂറിലധികം സാധാരണക്കാർ കൊല്ലപ്പെട്ട ഇറാഖിലെ ബോംബാക്രമണം, നാൽപത്തി രണ്ടു പേർ കൊല്ലപ്പെട്ട അഫ്ഗാനിസ്ഥാനിലെ ആശുപത്രി ആക്രമണം, പത്തു സാധാരണക്കാർ കൊല്ലപ്പെട്ട അഫ്ഗാനിസ്ഥാനിലെ ഡ്രോൺ ആക്രമണം എന്നിങ്ങനെ തെറ്റായ വിവരങ്ങളുടെയോ പഴയ ഇന്‍റലിജൻസ് റിപ്പോർട്ടുകളുടെയോ അടിസ്ഥാനത്തിൽ നടത്തിയ സൈനിക നീക്കങ്ങളിലൂടെ സംഭവിച്ച അബദ്ധങ്ങളാണ് പെന്‍റഗൺ നേരത്തേ പുറത്തു വിട്ടിട്ടുള്ളത്.

logo
Metro Vaartha
www.metrovaartha.com