മോസ്കോയെ വിഴുങ്ങി യുക്രെയ്ൻ ഡ്രോൺ മഴ| വീഡിയോ

201 യുക്രെയ്ൻ ഡ്രോണുകൾ തകർത്തതായി റഷ്യ
Ukraine drone rain engulfs Moscow

മോസ്കോയെ വിഴുങ്ങി യുക്രെയ്ൻ ഡ്രോൺ മഴ

Updated on

മോസ്കോ: റഷ്യ-യുക്രെയ്ൻ സംഘർഷം രൂക്ഷമാക്കിക്കൊണ്ട് റഷ്യയിലേയ്ക്കു വ്യാപകമായ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ. മോസ്കോ ലക്ഷ്യമാക്കി അറുന്നൂറോളം ഡ്രോണുകൾ യുക്രെയ്ൻ വിക്ഷേപിച്ചതായി മോസ്കോ മേയർ സെർഗെയ് സോബ്യാനിൻ ആണ് അറിയിച്ചത്. ശനിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച പുലർച്ചെ വരെയുള്ള ആക്രമണത്തിൽ മോസ്കോ മേഖലയിൽ എത്തിയ 201 ഡ്രോണുകൾ റഷ്യൻ വ്യോമ പ്രതിരോധ സേന തകർത്തതായി അദ്ദേഹം പറഞ്ഞു.

യുദ്ധം ആരംഭിച്ചതിന് ശേഷം മോസ്‌കോയ്ക്കെതിരായ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണ പരമ്പരയാണിതെന്നാണ് റിപ്പോര്‍ട്ട്.ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച സ്ഥലങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചതായി മേയര്‍ അറിയിച്ചു. അതേസമയം, മോസ്‌കോ മേഖലാ ഗവര്‍ണര്‍ ആന്ദ്രെ വൊറോബ്യോവ്, തലസ്ഥാനത്തെ റാമെന്‍സ്‌കി ജില്ലയില്‍ ഒരു ഡ്രോണ്‍ താമസസ്ഥലത്ത് പതിച്ചതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടതായി അറിയിച്ചു.

റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി രാത്രിയില്‍ കുറഞ്ഞത് 822 യുക്രെയ്ന്‍ ഡ്രോണുകള്‍ തകര്‍ത്തു. 16 റഷ്യന്‍ മേഖലകള്‍, റഷ്യന്‍ അധീനതയിലുള്ള ക്രിമിയ, അസോവ് കടല്‍, കരിങ്കടല്‍ എന്നിവിടങ്ങളിലാണ് ഡ്രോണുകള്‍ തകര്‍ത്തതെന്ന് മന്ത്രാലയം വ്യക്തമാക്കി. റോസ്‌തോവ് മേഖലയില്‍ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് പേരും ബെല്‍ഗൊറോഡ് മേഖലയില്‍ ബസിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാളും കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു.

യുക്രെയ്ന്‍ റഷ്യന്‍ ഇ-കൊമേഴ്സ് കമ്പനിയായ വൈല്‍ഡ്‌ബെറീസിന്‍റെ സ്ഥാപനങ്ങള്‍ക്കും വീണ്ടും ആക്രമണം നടത്തി. മോസ്‌കോയ്ക്ക് തെക്കുള്ള പൊഡോല്‍സ്‌കിലെ കമ്പനിയുടെ വെയര്‍ഹൗസില്‍ തീപിടിത്തമുണ്ടായതായി വൈല്‍ഡ്‌ബെറീസ് അറിയിച്ചു.

അതേസമയം, മോസ്‌കോ ഉള്‍പ്പെടെ റഷ്യയിലെ നിരവധി വിമാനത്താവളങ്ങളില്‍ താല്‍ക്കാലിക വിമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. റഷ്യയും യുക്രെയ്നിലേക്ക് ദീര്‍ഘദൂര ആക്രമണം തുടരുകയായിരുന്നു. റഷ്യ 106 ഡ്രോണുകളും നിരവധി മിസൈലുകളും വിക്ഷേപിച്ചതായി യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു.

റഷ്യന്‍ ആക്രമണങ്ങളില്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവിലും സമീപ പ്രദേശങ്ങളിലും കുറഞ്ഞത് ആറുപേര്‍ക്ക് പരിക്കേറ്റതായി പ്രസിഡന്‍റ് വൊളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. ക്രിവി റിഹില്‍ രണ്ട് പേരും സുമിയില്‍ ഒരാളും സപ്പോറീഷ്യ മേഖലയില്‍ രണ്ട് പേരും റഷ്യന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതര്‍ പറഞ്ഞു. ഇതിനിടെ, റഷ്യന്‍ ഡ്രോണ്‍ റൊമാനിയ വഴി നാറ്റോയുടെ വ്യോമപരിധിയില്‍ കടന്നതായി റിപ്പോര്‍ട്ടുണ്ട്. മാള്‍ഡോവ ഭാഗത്തുനിന്നെത്തിയ ഡ്രോണ്‍ സ്പാനിഷ് എഫ്-18 യുദ്ധവിമാനം പിന്തുടര്‍ന്ന് വെടിവെച്ച് വീഴ്ത്തിയതായി റൊമാനിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com