

മൊജ്തബയ്ക്ക് പരിക്കേറ്റത് മുഖത്തും തലയിലും മാത്രം
ടെഹ്റാൻ: ഇറാന്‍റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമനേയിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി ഇറാന്‍റെ ആരോഗ്യമന്ത്രാലയം. ഫെബ്രുവരി 28ന് യുഎസ് ഇസ്രയേൽ വ്യോമാക്രമണത്തിൽ മൊജ്തബയ്ക്ക് മുഖത്തും തലയിലും കാലുകളിലും നിസാരമായ പരിക്കുകൾ മാത്രമാണ് സംഭവിച്ചതെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
മൊജ്തബയുടെ കാലുകൾ മുറിച്ചു മാറ്റിയെന്നും ഗുരുതരമായ പരിക്കുകളുണ്ടെന്നും മറ്റുമുള്ള യൂറോപ്യൻ മാധ്യമങ്ങളുടെ വാർത്തകൾ ഇറാന്‍റെ ഔദ്യോഗിക വക്താവ് ഹുസൈൻ കെർമാൻപൂർ പൂർണമായി നിഷേധിച്ചു. ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇൽനയോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
“മുഖത്തും തലയിലും കാലിലും ഉണ്ടായ ചെറിയ പരിക്കുകൾക്കപ്പുറം അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളോ സങ്കീർണ്ണതകളോ ഉണ്ടായിട്ടില്ല. ഒരു ഡോക്റ്റർ എന്ന നിലയിലുള്ള എന്‍റെ വിലയിരുത്തലിൽ ഇതൊന്നും വലിയ പരിക്കുകളല്ല. ഒന്നോ രണ്ടോ തുന്നലുകൾ ഇടേണ്ടി വന്നു എന്നതൊഴിച്ചാൽ പ്രത്യേകമായ യാതൊരുവിധ ചികിത്സയും അദ്ദേഹത്തിന് ആവശ്യമായി വന്നിട്ടില്ല,” ഹുസൈൻ കെർമാൻപൂർ പറഞ്ഞു.
ആക്രമണം നടന്ന ദിവസം ഉച്ചയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൊജ്തബയെ പിറ്റേന്നു പുലർച്ചെ തന്നെ ഡിസ്ചാർജ് ചെയ്തതായും ഡോ.ഹുസൈൻ കൂട്ടിച്ചേർത്തു. റമദാൻ മാസത്തിലെ വ്രതം മുറിക്കാൻ പോലും മൊജ്തബ തയാറായില്ലെന്നും ഇത് അദ്ദേഹത്തിന്‍റെ മികച്ച ആരോഗ്യസ്ഥിതിയുടെ തെളിവാണെന്നും മന്ത്രാലയംചൂണ്ടിക്കാട്ടി.
മൊജ്തബ ഖമനേയിയുടെ മുഖത്തും ചുണ്ടുകളിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും, ഒരു കാലിൽ മൂന്ന് തവണ ശസ്ത്രക്രിയ നടത്തേണ്ടി വന്നതിനാൽ കൃത്രിമക്കാൽ ഘടിപ്പിക്കാൻ കാത്തിരിക്കുകയാണെന്നുമായിരുന്നു കഴിഞ്ഞ മാസം ‘ദ ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തത്.
അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഖമേനിക്ക് വൈരൂപ്യം സംഭവിച്ചിട്ടുണ്ടാകാമെന്ന് പ്രസ്താവിച്ചിരുന്നു. എന്നാൽ യുദ്ധം തുടങ്ങിയത് മുതൽ പുതിയ പരമോന്നത നേതാവ് പൂർണ്ണ ആരോഗ്യവാനാണെന്നും, യുഎസുമായുള്ള സമാധാന ചർച്ചകൾക്ക് അദ്ദേഹം നേരിട്ടാണ് നേതൃത്വം നൽകുന്നതെന്നും വ്യക്തമാക്കുന്ന ഇറാൻ, തങ്ങളുടെ ശത്രുക്കൾ മനഃപൂർവ്വം അപവാദങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ചു.