
മരിയ കൊറീന മച്ചാഡോയ തന്നെ വിളിച്ചതായി ട്രംപ്
Bloomberg/ AFP
നൊബേൽ സമ്മാന ജേതാവായ മരിയ കൊറീന മച്ചാഡോയ തന്നെ വിളിച്ചിരുന്നതായി വ്യക്തമാക്കി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഏഴു യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ സമ്മാനം നൽകണമെന്നുള്ള ട്രംപിന്‍റെ തുടർച്ചയായുള്ള അവകാശവാദങ്ങൾക്കിടെയാണ് ട്രംപിന്‍റെ സുഹൃത്തു കൂടിയായ വെനിസ്വേലിയൻ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോയ്ക്ക് നൊബേൽ സമ്മാനം ലഭിച്ചത്.
തനിക്കു ലഭിച്ച നൊബേൽ സമ്മാനം വെനിസ്വേലയിലെ കഷ്ടതയനുഭവിക്കുന്ന ജനങ്ങൾക്കും അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും സമർപ്പിക്കുന്നു എന്നായിരുന്നു മച്ചാഡോയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് അമെരിക്കൻ പ്രസിഡന്‍റ് മരിയ തന്നെ വിളിച്ചിരുന്നു എന്ന പ്രതികരണവുമായി രംഗത്തെത്തിയത്. സമ്മാനം ലഭിച്ച മരിയ മച്ചാഡോയ്ക്ക് താൻ പല അവസരങ്ങളിലും സഹായങ്ങൾ ചെയ്തിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. മച്ചാഡോയെ തന്നെ വിളിച്ചെന്നും തന്‍റെ ബഹുമാനാർഥം സമ്മാനം സ്വീകരിക്കുന്നതായി പറഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു.
സമൂഹം ഒന്നിച്ചുള്ള മുന്നേറ്റമാണ് വെനിസ്വേലയിലേത് എന്നും തനിക്കു മാത്രമായി നൊബേൽ സമ്മാനം അനുചിതമാണെന്നും മരിയ നൊബേൽ സമ്മാനാർഹയായതിനു പിന്നാലെ പ്രതികരിച്ചിരുന്നു. വെനിസ്വേല പ്രസിഡന്‍റ് നിക്കൊളാസ് മഡുറോ അമെരിക്കയുടെ കടുത്ത ശത്രുവാണ്. യുഎസിലേയ്ക്കു മയക്കു മരുന്ന് എത്തിക്കുന്ന ക്രിമിനൽ കാർട്ടലുകൾക്ക് മഡുറോ സഹായം നൽകുന്നു എന്നതാണ് ഈ ശത്രുതയുടെ കാരണമായി അമെരിക്ക ആരോപിക്കുന്നത്.