
അഫ്ഗാനിസ്ഥാൻ ഭൂചലനം; മരണസംഖ‍്യ 600 കടന്നു, 1,500 പേർക്ക് പരുക്ക്
കാബുൾ: അഫ്ഗാനിസ്ഥാനിൽ ഞായറാഴ്ചയുണ്ടായ വൻ ഭൂചലനത്തിൽ മരണസംഖ‍്യ 600 കടന്നു. തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലായിരുന്നു 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 1,500ലധികം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ.
വൻ നാശനഷ്ടമാണ് അഫ്ഗാനിസ്ഥാനിലുണ്ടായിരിക്കുന്നത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. ഒട്ടേറെ പേർ മണ്ണിനടിയിലാണെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. അതേസമയം രക്ഷാദൗത‍്യം പ്രയാസകരമാണെന്ന് താലിബാൻ ഭരണകൂടവും പറഞ്ഞു.
അൽപ്പ സമയത്തിനു ശേഷം മറ്റൊരു ഭൂചലനം കൂടി ഉണ്ടായി. നംഗഹാറിലെ ബസവാളുവിന് സമീപത്ത് വച്ചായിരുന്നു 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നൂർ ഗുൽ, സോക്കി, വാട്പൂർ, മനോഗി, ചപദാരെ എന്നീ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ഇക്കാര‍്യം ദുരന്ത നിവാരണ അഥോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ‍്യ ഇനിയും ഉയരാൻ സാധ‍്യതയുണ്ടെന്നാണ് വിവരം.