
സോഫിയ കൊറാഡി
file photo
ലോകമെമ്പാടുമുള്ള പ്രതിഭകളായ വിദ്യാർഥികൾക്ക് ഉപരിപഠനത്തിനു വഴിയൊരുക്കുന്ന ഇറാസ്മസ് പ്രോഗ്രാമിന്‍റെ സ്ഥാപകയായ സോഫിയ കൊറാഡി തന്‍റെ 91ാം വയസിൽ റോമിൽ അന്തരിച്ചു. മമ്മ ഇറാസ്മസ് എന്ന് അറിയപ്പെടുന്ന അവർ ഏകദേശം 16ദശലക്ഷം വിദ്യാർഥികൾക്ക് വിദേശ പഠനം സാധ്യമാക്കാൻ ഇറാസ്മസ് പ്രോഗ്രാം എന്ന തന്‍റെ ദൗത്യത്തിലൂടെ സഹായിച്ചു. തന്‍റെ വ്യക്തിഗത സമാധാന ദൗത്യമായാണ് സോഫിയ കൊറാഡി ഈ പ്രോഗ്രാമിനെ കണ്ടത്.
ഇറാസ്മസ് പ്രോഗ്രാമിന്‍റെ സ്ഥാപക എന്ന നിലയിലാണ് അവരെ മമ്മ ഇറാസ്മസ് എന്നു വിളിക്കുന്നത്. റോം സ്വദേശിയാണ് സോഫിയ കൊറാഡി. റോമിലെ റോമ യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസ പ്രൊഫസർ ആയിരുന്നു കൊറാഡി. തന്‍റെ ഇരുപതുകളിൽ അഭിമാനകരമായ യുഎസ് ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് നേടിയ അവർ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി.
ശീതയുദ്ധ കാലത്താണ് കൊറാഡി ഇറാസ്മസ് പ്രോഗ്രാം തുടങ്ങിയത്.യൂറോപ്യൻ യൂണിയനാണ് ഈ പ്രോഗ്രാം നിയന്ത്രിക്കുന്നത്. യൂറോപ്പിൽ ഉടനീളമുള്ള സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള അടുത്ത സഹകരണം പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ പ്രോഗ്രാമാണ് ഇത്.