
ചെന്നൈ: ഇന്ത്യൻ നിർമിത ചുമ സിറപ്പുകൾക്കു പിന്നാലെ കണ്ണിലൊഴിക്കുന്ന തുള്ളി മരുന്നും അപകടകാരിയാണെന്ന് ആരോപണം. ഇന്ത്യൻ നിർമ്മിത തുള്ളിമരുന്ന് കണ്ണിലൊഴിച്ചതിനെ തുടർന്ന് അസ്വസ്ഥതകൾ ഉണ്ടാവുകയും ഒരാൾ മരിച്ചതായാണ് റിപ്പോർട്ടുകൾ.
മാത്രമല്ല ഒരാളുടെ കാഴ്ച്ച നഷ്ടപ്പെടുകയും ചെയ്തതായാണ് പരാതിയുണ്ട്. സംഭവം യു എസിലാണ്. ഇതിനു പിന്നാലെ ചെന്നൈ ആസ്ഥാനമായുള്ള മരുന്നു കമ്പനിയെ യുഎസ് നിരോധിച്ചു. ഗ്ലോബൽ ഫാർമ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു നേരെയാണ് ആരോപണം.കണ്ണ് വരണ്ടതായി തോന്നുന്ന സന്ദർത്തിൽ ഉപയോഗിക്കുന്ന തുള്ളിമരുന്നാണ് അപകടമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
പരാതിയെത്തുടർന്ന് യുഎസ് വിപണിയിൽനിന്ന് കമ്പനി ഈ മരുന്ന് പിൻവലിച്ചു. യുഎസിലെ സംഭവങ്ങൾക്കു പിന്നാലെ ചെന്നൈയിൽ കമ്പനിയുടെ ആസ്ഥാനത്ത് പരിശോധന നടന്നു. കേന്ദ്ര ഡ്രഗ് കൺട്രോൾ അതോറിറ്റിയും തമിഴ്നാട് ഡ്രഗ് കമ്പനിയുമാണ് പരിശോധന നടത്തിയത്.
മരുന്നിനെ പ്രതിരോധിക്കുന്ന തരം ബാക്‌ടീരിയ മരുന്നിൽ കലർന്നതാണ് അപകടകാരണമെന്നാണ് യു എസ് ആരോഗ്യ വിഭാഗത്തിന്‍റെ കണ്ടെത്തൽ. ഈ മരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് 55 അപകട സംഭവങ്ങളാണ് യു എസിൽ റിപ്പോർട്ടു ചെയ്തിരിക്കുന്നത്.
ഗ്ലോബൽ ഫാർമയുടെ എസ്രികെയർ ആർട്ടിഫിഷ്യൽ ടിയേഴ്സ് ഐ ഡ്രോപ്സ് ആണ് പ്രശ്നമുണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. തുള്ളിമരുന്നിലെ അപകടകരമായ ബാക്ടീരിയ രക്തം, ശ്വാസകോശം, മുറിവുകൾ എന്നിവിടങ്ങളിൽ വ്യാപിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചെന്നാണു റിപ്പോർട്ട്.