
തത്തയെ വളർത്തി പണി കിട്ടിയവരുണ്ടൊ..... എന്നാൽ തത്തയെ വളർത്തി 8 ന്‍റെ പണിക്കിട്ടിയ ഒരാളുണ്ട്. സംഭവം അങ്ങ് തായ്‌വാനിലാണ്. ഒരു തത്ത കാരണം ഉടമയ്ക്ക് കിട്ടിയത് 74 ലക്ഷം രൂപ പിഴയും 2 മാസം തടവും... ഹുവാങ്ങ് എന്ന വ്യക്തി വീട്ടിൽ വളർത്തിയിരുന്ന മക്കോവോ തത്തയാണ് സംഭവത്തിനു പിന്നിൽ.
ഹുവാങ്ങിന്‍റെ അയൽവാസിയും ഡോക്‌ടറുമായ ലിന്നിനെ തത്ത പേടിപ്പിക്കുകയും ഭയന്ന് ഡോക്‌ടർ നിലത്തു വീഴുകയുമായിരുന്നു. തുടർന്ന് മാസങ്ങളോളം നീണ്ട ചികിത്സ വേണ്ടി വന്നു. ഇതുമൂലം വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും ജോലിക്ക് പോവാനായില്ലെന്നും ചൂണ്ടിക്കാട്ടി ഡോക്‌ടർ നൽകിയ പരാതിയിലാണ് തായിനർ ജില്ലാ കോടതിയുടെ വിധി.
തത്ത ഡോക്‌ടറുടെ തോളിൽ വന്നിരിക്കുകയും ചിറക് കൊണ്ട് ശക്തിയായി വീശിയടിക്കുകയും ചെയ്തു. ഇത് കണ്ട് ഭയന്ന ഡോക്ടർ പേടിച്ച് താഴെ വീണു. വീഴ്ചയിൽ ഡോക്ടറുടെ ഇടുപ്പെല്ല് പൊട്ടുകയും സ്ഥാനചലനമുണ്ടാകുകയും ചെയ്തു. ശസ്ത്രക്രിയക്ക് വിധേയനായ ഡോക്ടർക്ക് 6 മാസത്തോളം വിശ്രമിക്കേണ്ടി വന്നു. ഇത്രയും നാളുകൾ ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.പ്ലാസ്റ്റിക് സർജനായതിനാൽ മണിക്കൂറുകളോളം നിണ്ട ശസ്ത്രക്രിയ നടത്തേണ്ടി വരും. അപകടത്തിന് ശേഷം ഏറെ നേരം നിൽക്കാൻ കഴിയുന്നില്ലെന്നും പരാതിയിൽ ഡോക്ടർ വ്യക്തമാക്കി.
ഹുവാങ്ങിന്‍റെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നും 40 സെന്‍റീ മീറ്റർ ഉയരവും ചിറകുകളുടെ നീളം 60 സെന്‍റീ മീറ്ററുമുള്ള മക്കോവോ തത്തയെ വളർത്തുമ്പോൾ ഉടമസ്ഥൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.