
50മണിക്കൂർ മാരത്തോണിന്‍റെ അവസാന നിമിഷങ്ങളിൽ ബെസീന
Photo: Matthew Mirabelli
മാർക്ക് ബെസീന- മാൾട്ടയുടെ മനുഷ്യ സ്നേഹി. തന്‍റെ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാൾട്ട ദ്വീപിനെ വലം വച്ചോടിയ മാരത്തൺ ഓട്ടക്കാരൻ.
50 മണിക്കൂർ നീണ്ട മാരത്തൺ ഓട്ടത്തിലൂടെയാണ് മാർക്ക് ബെസീന എന്ന നാൽപത്തി രണ്ടു വയസുള്ള മാൾട്ട സ്വദേശി ചരിത്രം കുറിച്ചത്. ഈ 50 മണിക്കൂറിനിടെ അദ്ദേഹം ഉറങ്ങിയത് ഒരു മണിക്കൂർ മാത്രം.
ത്രീ സൺസെറ്റ്സ് റൺ എന്നു പേരിട്ട ഒരു ചാരിറ്റി ചലഞ്ചിലാണ് മാൾട്ട ദ്വീപിനും പലേർമോയ്ക്കും ഇടയിലുള്ളത്ര ദൂരമായ 300 കിലോമീറ്റർ 50 മണിക്കൂർ കൊണ്ട് അദ്ദേഹം ഓടിത്തീർത്തത്.
സെബ്ബീഗയിലെ സാൻ മാർട്ടിൻ ഗുഹയ്ക്കു സമീപം അദ്ദേഹത്തിന്‍റെ വരവ് ആഘോഷമാക്കാൻ സുഹൃത്തുക്കളും കുടുംബാംഗങ്ങളും കാത്തു നിന്നു. എന്നാൽ തന്‍റെ ചലഞ്ച് തികയ്ക്കാൻ 300 കിലോമീറ്ററിലേയ്ക്ക് എത്താൻ രണ്ടു കിലോമീറ്റർ കൂടിയുണ്ട് എന്നതിനാൽ അദ്ദേഹം അവിടെയും നിർത്താതെ മുന്നോട്ടു പോകുകയായിരുന്നു.
അവസാന ഘട്ടത്തിൽ അദ്ദേഹത്തെ എതിരേൽക്കാൻ മുമ്പിൽ തന്നെ അദ്ദേഹത്തിന്‍റെ നായക്കുട്ടി ബഡ്ഡിയും ഉണ്ടായിരുന്നു. ഏപ്രിൽ 19 വൈകിട്ട് തുടങ്ങിയ മാരത്തൺ ഓട്ടം ഏപ്രിൽ 21 ന് വൈകിട്ട് 7.30 നാണ് പൂർത്തിയാക്കിയത്.
മാനസികാരോഗ്യം, മൃഗക്ഷേമം, വിക്റ്ററി കിച്ചൺ എന്നിവയ്ക്കായി നടത്തിയ മാരത്തൺ ഓട്ടം പൂർത്തിയാക്കുന്നതിനിടെ 6,000യൂറോയാണ് സമാഹരിക്കാനായത്.
ഈ തുകകകളെല്ലാം വിക്റ്ററി കിച്ചണിലേയ്ക്കും അസോസിയേഷൻ ഫൊർ ചൈൽഡ് ആൻഡ് അഡോളസെന്‍റ് മെന്‍റൽ ഹെൽത്ത്( എസിഎഎംഎച്ച് മാൾട്ട) റിച്ച്മണ്ട് ഫൗണ്ടേഷൻ, അത് ലറ്റ് ഫാബിയോ സ്പിറ്റേരിയുടെ സ്വന്തം ചാരിറ്റി സംരംഭങ്ങൾ എന്നിവയിലേയ്ക്കാണ് പോകുന്നത്.