ട്രൂഡോ ഇറങ്ങി, കാർണി കയറി

ക്യാനഡയുടെ 24ാം പ്രധാനമന്ത്രിയായി ബാങ്ക് ഒഫ് ക്യാനഡ മുൻ മേധാവി മാർക്ക് കാർണി
Mark Carney

മുൻ മേധാവി മാർക്ക് കാർണി

Updated on

ഒട്ടാവ: ക്യാനഡയുടെ 24ാം പ്രധാനമന്ത്രിയായി ബാങ്ക് ഒഫ് ക്യാനഡ മുൻ മേധാവി മാർക്ക് കാർണിയെ തെരഞ്ഞെടുത്ത് ലിബറൽ പാർട്ടി പ്രസിഡന്‍റ് സച്ചിത് മെഹ്റ. ട്രൂഡോയുടെ പിൻഗാമികളിൽ മുൻപനായിരുന്നു കാർണി. 2008 മുതൽ 2013 വരെ ബാങ്ക് ഒഫ് ക്യാനഡയുടെ എട്ടാമത്തെ ഗവർണറായിരുന്നു അദ്ദേഹം. 2011 മുതൽ 2018വരെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡ് ചെയർമാനായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ നേരിടാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയായാണ് കാർണിയെ സർവേകൾ വിശേഷിപ്പിച്ചത്.

നേതൃത്വ തെരഞ്ഞെടുപ്പിൽ 131,674 വോട്ടുകളാണ് മാർക്ക് കാർണി നേടിയത്. ഇത് ഏകദേശം 85.9 ശതമാനത്തോളം വോട്ടുകൾ വരും. അദ്ദേഹത്തിന്‍റെ എതിരാളിയായ ക്രിസ്റ്റിയ ഫ്രീലാൻഡ് 11,134 വോട്ടുകളും കരീന ഗൗൾഡ് 4,785 വോട്ടുകളും ഫ്രാങ്ക് ബെയ് ലിസ് 4,038 വോട്ടുകളുമാണ് നേടിയത്.

അദ്ദേഹത്തിന്‍റെ മകൾ ക്ലിയോ കാർണിയായിരുന്നു ലിബറൽ പാർട്ടി കൺവൻഷനിൽ പ്രസംഗിക്കുന്നതിനായി വേദിയിലേയ്ക്ക് ക്ഷണിച്ചത്. 59കാരനായ കാർണിയുടെ ഭാര്യ യുകെ സ്വദേശിനിയായ ഡയാനയാണ്. നാലു പെൺമക്കളാണ് ഈ ദമ്പതികൾക്ക്.

ക്യാനഡ ശക്തമാണ് എന്നു പറഞ്ഞു കൊണ്ട് തുടങ്ങിയ കാർണി, ട്രംപിന്‍റെ താരിഫ് ഭീഷണികൾക്കെതിരെ ക്യാനഡ പോരാടുമെന്ന മുന്നറിയിപ്പും നൽകി.

നിലവിൽ ക്യാനഡക്കാർ ക്യാനഡയ്ക്കു വേണ്ടി നിലകൊള്ളുകയാണ് വേണ്ടത് എന്നും ലിബറൽ പാർട്ടി ശക്തിയോടെയും ഐക്യത്തോടെയും തുടരുമെന്നും മെച്ചപ്പെട്ട ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ പോരാടും എന്നും കാർണി പറഞ്ഞു. ശക്തമായ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാൻ ഉള്ള ഒരു പുതിയ പദ്ധതി തന്‍റെ സർക്കാർ നടപ്പിലാക്കുമെന്നും കാർണി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com