
എട്ടോളം സുവിശേഷ പ്രവർത്തകരെ കൊന്നു തള്ളിയ കൂട്ടക്കുഴിമാടം കണ്ടെത്തി
file photo
ബൊഗോട്ട: കൊളംബിയൻ അധികൃതർ ഗ്വാവിയാർ വകുപ്പിലെ കാലമർ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമപ്രദേശത്ത് ഒരു കൂട്ടക്കുഴിമാടം കണ്ടെത്തി. എട്ടു ക്രൈസ്തവ മത നേതാക്കളുടെ മൃതദേഹങ്ങളായിരുന്നു അതിൽ കൊന്നു തള്ളിയിരുന്നത്.
ക്രിസ്ത്യൻ ഡെയ്‌ലി ഇന്‍റർനാഷണലാണ് ലോക മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്ന ഈ വാർത്ത പുറത്തു വിട്ടത്. ജയിംസ് കൈസെഡോ, ഓസ്കാർ ഗാർസിയ, മരിയൂരി ഹെർണാണ്ടസ്, മാരിബെൽ സിൽവ, ഇസയ്ദ് ഗോമസ്, കാർലോസ് വലേറോ,നിക്സൺ പെനലോസ, ജെസസ് വലേറോ എന്നിവരെയാണ് ഭീകരർ കൊന്നൊടുക്കിയത്.
ഇവാഞ്ചലിക്കൽ കൗൺസിലുകളായ അലിയാൻസ ഡി കൊളംബിയ, ക്വാഡ്രാങ്കുലർ എന്നിവയിലെ അംഗങ്ങളായിരുന്നു കൊല്ലപ്പെട്ട സുവിശേഷകർ. അരൗക്ക സ്വദേശികളായിരുന്ന ഇവർ ആ പ്രദേശത്ത് മാനുഷിക-ആത്മീയ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് ഗറില്ലകൾ തട്ടിക്കൊണ്ടു പോയത്.
എഫ്എആർസി വിമത ഗറില്ല ഗ്രൂപ്പുകളാണ് കഴിഞ്ഞ ഏപ്രിലിൽ ഇവരെ തട്ടിക്കൊണ്ടു പോയി കൊന്നത്. സുവിശേഷ പ്രഘോഷകരുടെ സെല്ലുകൾ തടയുക എന്നതായിരുന്നു ഗറില്ലകളുടെ ഉദ്ദേശ്യം.മേയ് മാസത്തിൽ ഒരു ഗറില്ലയെ പിടികൂടിയതിനു ശേഷമാണ് ഈ സുവിശേഷകരെ കൊന്നൊടുക്കിയ കൂട്ടക്കുഴിമാടത്തെ കുറിച്ചുള്ള വിവരം ലഭിക്കാൻ ഇടയായത്.
ഈ ഗറില്ലയുടെ മൊബൈൽ ഫോണിൽ അവർ തട്ടിക്കൊണ്ടു പോയ സുവിശേകഷരുടെയും കൊല നടത്തുന്നതിന്‍റെയും ഫോട്ടോകളുണ്ടായിരുന്നു. ഇത് ആ സുവിശേഷകരെ അടക്കിയ ശവക്കുഴി കണ്ടെത്തുന്നതിലേയ്ക്കു നയിച്ചു. അങ്ങനെയാണ് ഈ വിവരം പുറംലോകം അറിഞ്ഞത്.