

നേപ്പാളിൽ വൻ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി
കാഠ്മണ്ഡു: നേപ്പാളിലെ റാസുവ ജില്ലയിൽ ഉണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ 16 പേർ മരിച്ചു. 400 ഓളം പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോയി. ബുധനാഴ്ച രാവിലെ ഒൻപതിന് ഭോട്ടെ കോശി നദിയിലാണ് പ്രളയം ഉണ്ടായത്. ബീഹാറിലും അതിർത്തി പ്രദേശങ്ങളിലും എൻഡിആർഎഫ് ടീമുകൾ സജ്ജരാണ്.
മലയോര മേഖലയിലെ സ്യാപ്രു ബെസി, ടിമുരെ പ്രദേശങ്ങളെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. ഗ്രാമങ്ങളും അടിസ്ഥാന സൗകര്യ പദ്ധതികളുടെ സ്ഥലങ്ങളും പ്രളയത്തിൽ ഒലിച്ചുപോയതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് റാസുവ ജില്ലാ ഭരണാധികാരി നരേന്ദ്ര പരിയാർ പറഞ്ഞു. എന്നാൽ ആളപായത്തിന്‍റെയോ സ്വത്ത് നാശത്തിന്‍റെയോ കൃത്യമായ കണക്ക് നിലവിൽ ലഭ്യമല്ല. വൻതോതിൽ ആളപായമോ സ്വത്ത് നഷ്ടമോ ഉണ്ടായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
നദീതീരങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനുമായി പൊലീസ്, സൈന്യം എന്നിവയെ പ്രദേശത്തേക്ക് അയച്ചതായി പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അറിയിച്ചു. 12 പേരെ സൈന്യം രക്ഷപ്പെടുത്തി.
ടിബറ്റിൽ നിന്ന് ഉത്ഭവിക്കുന്ന ഭോട്ടെ കോശി നദി നേപ്പാളിലെ ത്രിശൂലി നദിയിൽ ചേരുകയും പിന്നീട് ഇന്ത്യയിൽ ഗണ്ഡക് നദിയായി ഒഴുകുകയും ചെയ്യുന്നു. കഴിഞ്ഞ വർഷവും ഭോട്ടെ കോശി നദിയിലുണ്ടായ പ്രളയത്തിൽ ഒൻപത് പേർ മരിക്കുകയും 24 പേരെ കാണാതാവുകയും ചെയ്തിരുന്നു. നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന ഫ്രണ്ട്ഷിപ്പ് പാലവും അന്ന് തകർന്നിരുന്നു. ഗതാഗത-വാണിജ്യ ബന്ധത്തെ ഇത് മാസങ്ങളോളം ബാധിച്ചിരുന്നു.